വിദേശ കപ്പലുകളുടെ ട്രോളിങ്; കൃത്യമായ കണക്ക് നല്‍കണം

Monday 19 June 2017 8:24 pm IST

കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ കണക്കുകള്‍ വിശ്വാസയോഗ്യമല്ലെന്നു ഹൈക്കോടതി. വിദേശ ട്രോളറുകള്‍ പിടിച്ചു കൊണ്ടുപോകുന്ന മത്സ്യസമ്പത്ത് എത്രയെന്ന് കണക്കാക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികളുടെ പേരില്‍ വിദേശ ട്രോളറുകള്‍ നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ ട്രോളറുകളുടെ അനധികൃത മത്സ്യബന്ധനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വിദേശ ട്രോളറുകള്‍ ആഴക്കടലില്‍ നടത്തുന്ന മത്സ്യ ബന്ധനം വന്‍ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കുന്നതെന്ന ഹര്‍ജിക്കാരന്റെ ആശങ്ക ഗൗരവമുള്ളതാണ്. ഇവയ്ക്ക് അനുമതി നല്‍കുന്നതിനായി രൂപം നല്‍കിയ എല്‍.ഒ.പി സംവിധാനം (ലെറ്റര്‍ ഒഫ് പെര്‍മ്മിറ്റ്) കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ നിന്നു തന്നെ ഈ സംവിധാനം ഫലപ്രദമല്ലെന്നു വ്യക്തമാണ്. ഈ വിഷയത്തില്‍ ചെന്നൈയിലെ സിബിഐ യൂണിറ്റ് കേസുകള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, ഫലപ്രദമായ നടപടി ഉണ്ടായില്ല. എല്‍.ഒ.പിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു വകുപ്പിനും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇത് ദുരുപയോഗം ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. 2005 - 2015 കാലഘട്ടത്തില്‍ പ്രതിവര്‍ഷം ശരാശരി 316 ടണ്‍ മത്സ്യങ്ങളാണ് വിദേശ ട്രോളറുകള്‍ പിടിച്ചതെന്ന് കേന്ദ്ര കൃഷിമന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ കണക്ക് വിശ്വാസയോഗ്യമല്ല-കോടതി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.