പകര്‍ച്ചപ്പനിയോടൊപ്പം ഡെങ്കിപ്പനിയും പടരുന്നു

Monday 19 June 2017 8:50 pm IST

പത്തനംതിട്ട: പകര്‍ച്ചപ്പനിയോടൊപ്പം ഡെങ്കിപ്പനിയും ജില്ലയില്‍ പടരുന്നു. ദിനംപ്രതി പത്തിലേറെ പേര്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ലഭ്യമാകുന്നതുമില്ല. ഇതിനുപുറമെ എലിപ്പനിയും, എച്ച് 1 എന്‍ 1 ഉം വ്യാപകമാകുന്നു. ഇന്നലെ മാത്രം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിതരായി 950 പേര്‍ ചികിത്സ തേടിയിതായിസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. കഴിഞ്ഞദിവസങ്ങളിലെ സര്‍ക്കാര്‍കണക്കുകള്‍ പരിശോധിച്ചാല്‍ പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി കാണാം. പനി ബാധിതരുടെ തിരക്ക്‌വര്‍ദ്ധിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പനി വാര്‍ഡുകള്‍ തുറന്നു. ജില്ലയില്‍ ഇതേവരെ 60ലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വെണ്ണിക്കുളത്ത് പനി ബാധിതനായി ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.ജില്ല, ജനറല്‍ ആശുപത്രികളില്‍ പ്രതിദിനം 1500ലേറെ രോഗികള്‍ ഒപിയില്‍ ചികിത്സ തേടി വരുന്നുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നലെ 1483 പേര്‍ ഒപിയില്‍ ചികിത്സ തേടി. ജില്ലയിലെ സാമൂഹികാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിതരായി ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ആശുപത്രികളില്‍ പനി ബാധിതര്‍ക്കായി പ്രത്യേക ചികിത്സാ ക്രമീകരണങ്ങളും ചെയ്തിട്ടില്ല. തിരുവല്ലയിലും, മല്ലപ്പള്ളിയിലും റാന്നിയിലുംകോന്നിയിലും പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ പിടിപെട്ട് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കാര്യങ്ങള്‍ രൂക്ഷമാവുകയാണ്.വെച്ചൂച്ചിറ, പെരുനാട് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, മക്കപ്പുഴ, നാറാണംമൂഴി, വടശേരിക്കര, നെല്ലിക്കമണ്‍ ,അപ്പര്‍കുട്ടനാട്ടിലെ ചാത്തങ്കേരി,നിരണം എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നലെ രോഗികളുടെ തിരക്കു പ്രകടമായിരുന്നു. താലൂക്ക് ആശുപത്രികളില്‍ ഇന്നലെ ഉച്ചവരെ ആയിരത്തോളം പേര്‍ ഒപിയില്‍ ചികില്‍സ തേടി.നിരവധി പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണവും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ പേര്‍ ആശുപത്രിയിലെത്തുന്നുണ്ട്. അവരുടെ രക്തം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലും ഹോമിയോ ഡിസ്‌പെന്‍സറികളിലും വന്‍തോതില്‍ പനി ബാധിതരെത്തുന്നുണ്ട്. മഴയുടെ കുറവാണ് പനി വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. മഴ തുടര്‍ച്ചയായി പെയ്താല്‍ കൊതുകിന്റെ ഉറവിടം നശിക്കും. കൂത്താടികള്‍ രൂപപ്പെടില്ല. മഴ പെയ്യാത്തപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു വളരും. ഇതോടെ രോഗങ്ങളും വര്‍ധിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാതെ കൊതുകു നശീകരണം നടക്കില്ല. മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങളും നടക്കാതെവന്നതോടെയാണ് പനി പടരാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.