പാലാ നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Monday 19 June 2017 9:38 pm IST

പാലാ: വിവാദത്തിലായിരുന്ന പാലാ നഗരസഭാമാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ ലേല നടപടികള്‍ ഇന്ന് ആരംഭിക്കാന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവിലെ കെട്ടിടത്തിന് ചില കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇതുവരെ മാര്‍ക്കറ്റ് കോംപ്ലക്‌സ് ഏറ്റെടുത്ത് നടത്തിയിരുന്ന പാലാ മാര്‍ക്കറ്റിംഗ് കമ്പനിയോട് 8.20 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കും. ഇതോടൊപ്പം ജൂണ്‍ 30 വരെയുള്ള വാടക പാലാ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്നും ഈടാക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മാര്‍ക്കറ്റ് കോംപ്ലക്‌സ് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പലപ്പോഴും ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയോട് അനുകൂല സമീപനം സ്വീകരിച്ചിരുന്ന മുന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ബെറ്റി ഷാജു ഇത്തവണ ഭരണപക്ഷത്തെ മറുചേരിക്കൊപ്പം ചേര്‍ന്നു. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിലുള്ള പാലാ മാര്‍ക്കറ്റിംഗ് കമ്പനിയാണ് നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സ് കഴിഞ്ഞ 8 വര്‍ഷമായി നടത്തിവന്നിരുന്നത്. നഗരസഭാ ഭരണപക്ഷത്ത് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിക്കൊപ്പവും വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവനൊപ്പവുമായി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചേരി തിരിഞ്ഞിരുന്നത് മാര്‍ക്കറ്റ് കോംപ്ലക്‌സ് വിഷയത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാര്‍ക്കറ്റ് കോംപ്ലക്‌സിലെ 55 മുറികളില്‍ പലതിനും കേടുപാടുകള്‍ ഉള്ള സാഹചര്യത്തില്‍ ഇവ ലേലം ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു നഗരസഭയിലെ റവന്യു-എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് 8.20 ലക്ഷം രൂപാ പാലാ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകളെയും നിയമോപദേശങ്ങളെയും ചൊല്ലിയാണ് ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ കൗണ്‍സിലില്‍ രൂക്ഷമായ വാഗ്വാവാദം ഉണ്ടായത്. ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ ചില കൗണ്‍സിലര്‍മാരുടെ കുതന്ത്രങ്ങളാണ് പ്രശ്‌നമായതെന്ന് മറ്റു ചില കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയുടെ അഭിപ്രായം. ഒരുപാട് ബഹളങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഒടുവില്‍ ലേലനടപടികള്‍ ഇന്നുതന്നെ തുടങ്ങാന്‍ കൗണ്‍സില്‍ യോഗം ഒരേ മനസ്സോടെ തീരുമാനിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.