കോണ്‍ഫെഡറേഷന്‍ കപ്പ്; ചിലിക്ക് വിജയം

Monday 19 June 2017 9:47 pm IST

മോസ്‌ക്കോ: ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിക്ക് കോണ്‍ഫെഡറേഷന്‍ കപ്പില്‍ വിജയം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അവര്‍ എതിരല്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാമറൂണിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ മെക്‌സിക്കോ സമനിലയില്‍ തളച്ചു (2-2) അവസാന നിമിഷങ്ങളില്‍ ആര്‍ട്യൂറോ വിദാലും വാര്‍ഗസുമാണ് ചിലിയുടെ ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ചിലിക്ക് മൂന്ന് പോയിന്റായി. ആദ്യ പകുതിയില്‍ വിദാലിന്റെ പാസില്‍ വര്‍ഗസ് ഗോള്‍ നേടിയതാണ്. എന്നാല്‍ ചിലിയന്‍ താരങ്ങളുടെ ആരവം അവസാനിക്കുമുമ്പ് ഗോളല്ലെന്ന് വിധി വന്നു. ഫിഫ പുതുതായി ഏര്‍പ്പെടുത്തിയ വീഡിയോ പരിശോധനയില്‍ വര്‍ഗസ് ഓഫ് സൈഡാണെന്ന് കണ്ടെത്തി. ആദ്യ പകുതിയവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ചിലിയുടെ ഗോളുകള്‍ പിറന്നത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റുശേഷിക്കെ വിദാല്‍ ആദ്യ ഗോള്‍ കുറിച്ചു. പകരക്കാരനായി ഇറങ്ങിയ അലെക്‌സി സാഞ്ചെസ് നല്‍കിയ പാസില്‍ തലവെച്ച് വിദാല്‍ കാമറൂണിന്റെ വലകുലുക്കി. തകര്‍ത്തുകളിച്ച ചിലി ഇഞ്ചുറി ടൈമിലാണ് രണ്ടാം ഗോള്‍ നേടിയത്. സാഞ്ചസിന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. കാമറൂണിന്റെ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ സാഞ്ചസ് പോസ്റ്റിലേക് നിറയൊഴിച്ചു. പക്ഷെ കാമറൂണ്‍ ഗോളി പന്ത് തട്ടിയകറ്റി. എന്നാല്‍ തിരിച്ചുവന്ന പന്ത് വാര്‍ഗസ് വലയിലേക്ക് തിരിച്ചുവിട്ടു. വീഡിയോ പരിശോധന നടത്തിയെങ്കിലും സാഞ്ചസ് ഓഫ് സൈഡല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ അനുവദിച്ചു. പോര്‍ച്ചുഗല്‍ - മെക്‌സിക്കോ മത്സരത്തില്‍ ഉശിരന്‍ പോരാട്ടമാണ് നടന്നത്.34-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്യൂരേസ്മയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എട്ടുമിനിറ്റുകള്‍ക്കുശേഷം ഹെര്‍മാന്‍ഡസിന്റെ ഗോളില്‍ മെക്‌സിക്കോ സമനില പിടിച്ചു. കളിയവസാനിക്കാന്‍ നാലു മിനിറ്റുളളപ്പോള്‍ സിഡറിക്കിന്റെ ഗോളില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് നേടി. പൊരുതിക്കളിച്ച മെക്‌സിക്കോ ഇഞ്ചുറി ടൈമില്‍ മൊറേനോയുടെ ഗോളില്‍ സമനില പിടിച്ചു. (2-2)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.