മാനവരാശിയുടെ നിത്യപ്രചോദനം

Monday 19 June 2017 10:28 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ബേലൂര്‍ മഠത്തില്‍ ആത്മസ്ഥാനന്ദജിയുടെ അനുഗ്രഹം തേടിയെത്തിയപ്പോള്‍

മാനവരാശിയുടെ സര്‍വ്വതോമുഖമായ വികാസത്തിനുവേണ്ടി സ്വജീവിതത്തെ യജ്ഞമാക്കി പൂര്‍ണ്ണതയിലേക്കുയര്‍ന്ന ഗുരുവര്യനെയാണ് സമാധിസ്ഥനായ ആത്മസ്ഥാനന്ദജി മഹാരാജില്‍ കണ്ടെത്താനാവുക. രാമകൃഷ്ണമിഷന്റെയും ശ്രീരാമകൃഷ്ണമഠത്തിന്റേയും ആഗോളാദ്ധ്യക്ഷനും സംഘഗുരുവുമായിരുന്ന അവിടുത്തെ ജീവിതരേഖ (1919-2017) പൂര്‍ണ്ണതയിലേക്കുള്ള ജീവിതതീര്‍ത്ഥാടനത്തെയാണ് നമ്മുടെ മുമ്പില്‍ വരച്ചിടുന്നത്. ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു പൂര്‍വ്വാശ്രമം (സബജ്പൂര്‍).

ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശങ്ങളില്‍ ആകൃഷ്ടനായ സമയം മുതല്‍ ആ മനസ്സിലെ ചിന്ത എങ്ങനെ ആ സന്ദേശങ്ങള്‍ പൂര്‍ണ്ണമായും ജീവിതത്തില്‍ പകര്‍ത്താമെന്നതായി. ജീവിതാദര്‍ശത്തിനായുള്ള ചിന്തയുടെ ഈ നൈരന്തര്യം ഒരു സന്യാസിയായിത്തീരുന്നതിനും ജീവിതത്തെ പൂര്‍ണ്ണമായും ശ്രീരാമകൃഷ്ണ- വിവേകാനന്ദന്മാരില്‍ സമര്‍പ്പിക്കുന്നതിനുമുള്ള നിമിത്തമായിത്തീര്‍ന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടെ സന്ന്യാസിശിഷ്യനും വിവേകാനന്ദസ്വാമികളുടെ സഹോദര സന്ന്യാസിയുമായിരുന്ന വിജ്ഞാനാനന്ദ സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ നേടിയ അവിടുന്ന് (1938) സന്ന്യാസജീവിതത്തിലെ പൂര്‍ണ്ണശിക്ഷണം ആര്‍ജിച്ചെടുക്കുന്നത് വിവേകാനന്ദസ്വാമികളുടെ ശിഷ്യപ്രധാനിയായ വിരജാനന്ദജി മഹാരാജില്‍ നിന്നുമായിരുന്നു. വിരജാനന്ദസ്വാമികളെ വര്‍ഷങ്ങളോളം ഹിമാലയസാനുക്കളില്‍വെച്ച് സേവ ചെയ്തതിലൂടെ ബ്രഹ്മവിദ്യയുടെ ഓരോ വഴിയും അനുഭൂതിയായി സ്വാംശീകരിച്ചെടുക്കാന്‍ അവിടുത്തേക്കു കഴിഞ്ഞു.

ആദ്ധ്യാത്മിക സാധകന്മാര്‍ക്കൊക്കെയും വഴികാട്ടിയായിരുന്ന വിരജാനന്ദസ്വാമികളുടെ പരമാര്‍ത്ഥപ്രസംഗം ഇന്നു ലോകം മുഴുവന്‍ ചര്‍ച്ചചെയ്യൂന്ന ഒരു പുസ്തകമായിത്തീര്‍ന്നിട്ടുണ്ട്. ഇപ്രകാരം വിവേകാനന്ദസ്വാമികള്‍ ലോകത്തിനു സമ്മാനായി നല്‍കിയ ഒരു ജീവിതമാതൃകയെയാണ് ശ്രീമദ് വിരജാനന്ദജി മഹാരാജില്‍ നമുക്കു കണ്ടെത്താനാവുന്നത്. വിരജാനന്ദജിയുടെ കീഴിലുള്ള ശിക്ഷണത്തിനുശേഷം ആത്മസ്ഥാനന്ദജി മഹാരാജ് റങ്കൂണ്‍ ഉള്‍പ്പെടെയുള്ള രാമകൃഷ്ണമിഷന്റെ വിദേശകേന്ദ്രങ്ങളിലും ഇന്ത്യയിലെ പല കേന്ദ്രങ്ങളിലും താനാര്‍ജിച്ച ഈ ആദ്ധ്യാത്മക വെളിച്ചത്തെ പകര്‍ന്നുകൊടുത്ത് ഉത്തരമാതൃകയായി നിലകൊണ്ടു. ശ്രീരാമകൃഷ്ണ- വിവേകാനന്ദന്മാര്‍ മാനവരാശിക്കായി കാട്ടിക്കൊടുത്ത ജീവിതപത്ഥാവിനെ സ്വജീവിതത്തില്‍ പൂര്‍ണ്ണമായും സ്വാംശീകരിച്ചെടുത്ത് അതിന്റെ തുടര്‍ച്ച ഉറപ്പാക്കിയ പ്രധാനകണ്ണയായിരുന്നു സമാധിസ്ഥനായ ആത്മസ്ഥാനന്ദ സ്വാമികള്‍.

ജീവിതരഹസ്യത്തെ കണ്ടെത്തിക്കൊണ്ട് മനുഷ്യജീവിതത്തെ പ്രകാശമാനമാക്കാനുള്ള വഴിയായി ഉപനിഷ്ദര്‍ശനം ചുണ്ടിക്കാട്ടുന്നത് ത്യാഗത്തെയാകുന്നു. ഈ ത്യാഗത്തിന്റെ വഴിയെ പൂര്‍ണ്ണരൂപത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നത് സന്ന്യാസധര്‍മ്മത്തിലും. ത്യാഗത്തില്‍ അധിഷ്ഠിതമായി ജീവിതയാത്രയെ സജ്ജമാകുന്ന മാര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയതുകൊണ്ടാണ് ഭാരതം കാണിച്ചുകൊടുത്ത ജീവിതചര്യ ലോകത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്ന് ഇന്നും നിലനില്‍ക്കുന്നത്. ഇന്ത്യമുഴുവന്‍ പരിവ്രാജകനായി സഞ്ചരിച്ചശേഷം വിവേകാനന്ദസ്വാമികള്‍ പറഞ്ഞത് ഈ നാടിന്റെ ജീവരക്തം ആദ്ധ്യത്മികതയാണെന്നാണ്. ഈ ആദ്ധ്യാത്മികതയ്ക്കുവേണ്ടിയാണ് ഭാരതം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുകയുണ്ടായതെന്ന് അവിടുന്നു ചൂണ്ടിക്കാണിച്ചു.

ലോകത്തുണ്ടായ ഒട്ടുമിക്ക സംസ്‌ക്കാരങ്ങളും ചരിത്രത്തിന്റെ ഭാഗമായിപ്പോയപ്പോള്‍ ഭാരതീയ സംസ്‌കാരധാരയുടെ നൈരന്തര്യം ഉറപ്പാക്കപ്പെട്ടത് ഭാരതീയര്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന ആദ്ധ്യാത്മികതയുടെ ഈ മാര്‍ഗ്ഗത്തിലൂടെയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആദ്ധ്യാത്മിക വെളിച്ചത്തെ ലോകത്തിനു പകര്‍ന്നു നല്‍കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഭാരതമെന്ന ഭൂവിഭാഗം നിലകൊള്ളുന്നത്. ലോകത്ത് വിശ്വപൗരത്വം ഉറപ്പാക്കുന്ന ഭാരതത്തിന്റെ ആദര്‍ശം എക്കാലത്തും ത്യാഗമായിരിക്കണമെന്നും സ്വാര്‍ത്ഥതയെ പൂര്‍ണ്ണമായും ത്യജിച്ച സന്ന്യാസധര്‍മ്മമായിരിക്കണം അതിനായി ഓരോ ഭാരതീയനും മാതൃകയാകേണ്ടതെന്നും വിവേകാനന്ദനിലൂടെ നാം ഒരിക്കല്‍കൂടി ശ്രവിക്കുകയുണ്ടായി.

ഈ സന്ന്യാസാദര്‍ശത്തെ ആധുനികകാലത്തിനു ചേരുംവിധത്തില്‍, അതായത് അതിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നിലും മാറ്റം വരുത്താതെ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി വിവേകാനന്ദസ്വാമികള്‍ പുനരാവിഷ്‌ക്കരിക്കുകയുണ്ടായി. ഓരോരുത്തരും തങ്ങളുടെ ആത്മമോഷത്തിനായി ആചരിക്കപ്പെടുന്ന ഓരോ കാര്യവും മാനവജനതയ്ക്കുകൂടി പ്രയോജനപ്പെടുമെന്ന ആദര്‍ശവാക്യം സന്ന്യാസിമാര്‍ക്കുമുമ്പില്‍ അങ്ങനെ അവതരിപ്പിക്കപ്പെട്ടു. ‘ബഹുജനഹിതായ ബഹുജനസുഖായ’ എന്ന രീതിയില്‍ ബ്രഹ്മവിദ്യയെ കരുതി അനുഷ്ഠിക്കുന്ന ഓരോ കാര്യവും ഈശ്വരപൂജയായിത്തിരൂന്നു. ഈ സന്ദേശവുമായി രാമകൃഷ്ണസംഘത്തിലെ സന്ന്യാസിമാര്‍ ഭാരത്തിനകത്തും ലോകത്തിന്റെയെല്ലായിടങ്ങളിലുമായി സഞ്ചരിക്കുകയും ജീവിതംകൊണ്ടു പ്രായോഗികമാക്കുകയും ചെയ്ത് അവരുടെ മോക്ഷമാര്‍ഗത്തെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.

ലോക നന്മയെക്കരുതി ഉപനിഷത്ത് പാരമ്പര്യത്തെ കുടില്‍ മുതല്‍ കൊട്ടാരംവരെ എത്തിച്ചുനല്‍കണമെന്ന വിവേകാനന്ദ സ്വാമികളുടെ സ്വപ്‌നത്തെ അങ്ങനെ രാമകൃഷ്ണസംഘം സന്ന്യാസിമാര്‍ ലോകം മുഴുവന്‍ പ്രാവര്‍ത്തികമാക്കുകയുണ്ടായി. ഈ വേദാന്തസന്ദേശ പ്രചാരങ്ങളിലൂടെ ലോകത്തെ ബൗദ്ധികമായി നയിക്കുകയെന്ന ദൗത്യത്തിനായി സജ്ജമാക്കപ്പെട്ട ഒരു സന്ന്യാസസംഘമായി ലോകജനത ഇന്നതിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആശയരംഗത്തു വഴികാട്ടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഉദാത്തമായ പ്രായോഗിക വേദാന്ത സങ്കല്‍പങ്ങളെ ജീവിച്ചുകാണിച്ച് ലോകത്തിന് മുഴുവന്‍ പരിചിതമായെങ്കില്‍ അവിടെ നാം മനസിലാക്കേണ്ടത് വിവേകാനന്ദസ്വാമികളെ തുടര്‍ന്ന് രാമകൃഷ്ണ പ്രസ്ഥാനമെന്ന സന്ന്യാസസംഘത്തെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച സന്ന്യാസിമാരുടെ ആദ്ധ്യാത്മികത്തികവും സേവാനിഷ്ഠയിലും പരിശുദ്ധിയിലും ഉറച്ച ത്യാഗജീവിതവുമാണ്. മേല്‍പ്പറഞ്ഞ ഉജ്ജ്വലമായ സന്ന്യാസപാരമ്പര്യത്തെ വര്‍ഷങ്ങളോളം നയിച്ച് ലോകത്തിനുമുഴുവന്‍ വെളിച്ചമേകാന്‍ ആത്മസ്ഥാനന്ദജി മഹാരാജിനായി എന്നു ചുരുക്കം.

~ഒരു മഹാത്മാവിനെ എങ്ങനെ തിരിച്ചറിയാമെന്നതിനു മാനദണ്ഡമായി ആയാള്‍ ജീവനിലാര്‍ജിച്ച പരിശുദ്ധിയേയും ത്യാഗത്തേയുമാണ് വിവേകാന്ദസ്വാമികള്‍ ചൂണ്ടിക്കാണിച്ചത്. സന്ന്യാസജീവിതത്തിലെ മര്‍മ്മപരമായ ഈ വ്രതനിഷ്ഠയേയാണ് കാമിനികാഞ്ചനത്യാഗമായി ശ്രീരാമകൃഷ്ണപരമഹംസര്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുള്ള സന്ന്യാസധര്‍മ്മത്തിന്റെ ഉജ്ജ്വലമാതൃകയായി സ്വജീവിതംകൊണ്ട് ഉയരാന്‍ ആത്മസ്ഥാനന്ദജി മഹാരാജിനു കഴിഞ്ഞതിനുപിന്നില്‍ ശ്രീമദ് വിജ്ഞാനാനന്ദജിയില്‍നിന്ന് പകര്‍ന്നുകിട്ടിയ അനുഗ്രഹവും, ഹിമാലയസാനുക്കളിലെ കൊടും തണുപ്പില്‍ വിരജാനന്ദസ്വാമികളെപ്പോലെയുള്ള മഹാപുരുഷനെ വര്‍ഷങ്ങളോളം സേവിച്ചതിലൂടെ ആര്‍ജിച്ചെടുത്ത മഹാധന്യതയുമാണ്. സ്വന്തം ശരീരവും മനസ്സും ഗുരുസേവയ്ക്കായി പൂര്‍ണ്ണമായി സമര്‍പ്പിതമാവണമെന്ന ഗീതാവാക്യം നമുക്കിവിടെ നേരിട്ടുകാണാന്‍ സാധിക്കുന്നു. ഉള്ളിലെ പ്രകാശത്തെ എങ്ങനെ കണ്ടെത്തണമെന്നും അതിനെ എങ്ങനെ വികസിപ്പിച്ചെടുക്കാമെന്നുമുള്ള കാര്യം ഭാരതീയ ഗുരുപാരമ്പര്യമായി ഇവിടെ വിരിഞ്ഞുനില്‍ക്കുന്നു. ഇപ്രകാരം ഗുരുപാരമ്പര്യത്തിലുടെ നേടിയ ബ്രഹ്മവിദ്യയും ഉള്‍പ്രകാശവുമാണ് അവിടുന്ന് ലോകത്തിനു പകര്‍ന്നുനല്‍കിയത്.

മാനവപൂജയെന്ന ലക്ഷ്യവുമായി കര്‍മ്മമണ്ഡലത്തിലേക്കു പ്രവേശിച്ച അവിടുന്ന് റങ്കൂണിലും രാജ്‌കോട്ടിലുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇക്കാലയളവിലാണ് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്ധ്യത്മികവഴിയിലും രാഷ്ട്രസേവയ്ക്കുമുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കിയത്. രാജ്‌കോട്ട് ശ്രീരാമകൃഷ്ണ മഠത്തിന്റെ അദ്ധ്യക്ഷനായിരുന്നപ്പോള്‍ വെള്ളപ്പൊക്കദുരിതാശ്വാസത്തിനും മറ്റുമായി അവിടുന്ന് നടത്തിയ വലിയതോതിലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരങ്ങളായി നിലകൊള്ളുന്നു. ഇത്തരം സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആത്മസ്ഥാനന്ദജി രാമകൃഷ്ണമിഷനെ ആഗോളമായി നയിക്കുന്ന സന്ന്യാസിവര്യന്മാരുടെ നേതൃനിരയിലേക്കു വരുന്നത്. രാമകൃഷ്ണമിഷന്റെ ആഗോള ഉപാദ്ധ്യക്ഷനായും അദ്ധ്യക്ഷനായും ഇരുന്ന കാലത്ത് പ്രായധിക്യത്തെപ്പോലും വകവെയ്ക്കാതെ അവിടുന്ന് പൂര്‍ണ്ണമായും സേവനനിരതനായി.

ലോകരുടെ ആദ്ധ്യാത്മികമായ വികസനത്തെ ഉറപ്പുവരുത്തുന്ന മന്ത്രദീക്ഷ നല്‍കാനായി അവിടുന്ന് രാമകൃഷ്ണസംഘത്തിന്റെ ഗുരുവും പരമാചാര്യനുമെന്ന നിലയില്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു. മാനവജനതയെ കരുതിയുള്ള ഈ ദീര്‍ഘസഞ്ചാരം പൂര്‍ണ്ണമായും ആരോഗ്യം ക്ഷയിക്കുന്നതുവരെ തുടര്‍ന്നിരുന്നു. ഇപ്രകാരം ത്യാഗത്തിന്റെ ഉജ്ജ്വലതയിലാണ് അവിടുന്ന് തന്റെ ജീവിതനിമിഷങ്ങളെ പൂരിപ്പിച്ചുകൊണ്ടിരുന്നത്. പൂര്‍ണ്ണതയിലേക്കു നടന്നടുക്കുന്ന സന്യാസത്തിന്റെ ഒരു ഉജ്വലമാതൃകയും കൂടി അവിടുത്തെ ജീവിതത്തില്‍ സമന്വയിച്ചിരുന്നു. സന്ന്യാസനിഷ്ഠയില്‍ വ്രതം സ്വീകരിച്ച ഓരോരുത്തരും പാലിക്കേണ്ട കാര്‍ക്കശ്യത്തെ അവിടുന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒരു സന്ന്യാസിസംഘത്തിന്റെ പരമാചര്യനെന്ന നിലയില്‍ അവിടുന്ന് എല്ലാ സന്ന്യാസിമാര്‍ക്കും ഒരു പ്രചോദനകേന്ദ്രമായിരുന്നു.

നമ്മുടെ സന്ദേശം നന്മുടെ ജീവിതംതന്നെയായിരിക്കുന്നു എന്ന സുപ്രധാനകാര്യത്തെ അവിടുന്ന് സ്വജീവിതത്തിലൂടെ വരച്ചുകാട്ടി. ചിന്തയേയും വാക്കിനേയും പ്രവൃത്തിയേയും നേര്‍രേഖയിലാക്കിയ അവിടുന്ന് പ്രചോദനത്തിന്റെ ഒരു നിത്യസ്ഥാനമായിരുന്നു. ജീവിതചര്യയെ മുഴുവന്‍ ഈശ്വരസാന്നിദ്ധ്യത്തിന്റെ പൂര്‍ണ്ണതയാക്കികൊണ്ട് ലോകജനതയെ പ്രചോദിപ്പിച്ച അവിടുത്തെ ജീവിതം നമ്മെ ഏക്കാലവും വഴികാണിച്ചുകൊണ്ടിരിക്കും.
(പ്രബുദ്ധകേരളം മാസികയുടെ പത്രാധിപരാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.