കാവാലം മഹോത്സവം 25 മുതല്‍

Monday 19 June 2017 11:32 pm IST

തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കരുടെ ഓര്‍മ പുതുക്കി 'ചിരസ്മരണ' എന്ന പേരില്‍ കാവാലം മഹോത്സവം സംഘടിപ്പിക്കുന്നു. സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 25 മുതല്‍ 27 വരെ തിരുവനന്തപുരത്തായിരിക്കും മഹോത്സവമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ നെടുമുടി വേണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ 10ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ചിത്രപ്രദര്‍ശനം കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. കാവാലത്തിന്റെ കൈയ്യൊപ്പുപതിഞ്ഞ കവിത, നാടകം, സംഗീതം, മോഹിനിയാട്ടം എന്നീ മേഖലകളിലായി നൂറോളം കലാകാരന്മാരാണ് വൈലോപ്പിള്ളി സംസ്‌കൃതിഭവനിലും ടാഗോര്‍ തിയെറ്ററിലുമായി അരങ്ങിലെത്തുക. കാവാലത്തിന്റെ കാവ്യലോകം, സംഗീതലോകം, പാട്ടുവട്ടം, മോഹിനിയാട്ട സേവാപദ്ധതി, നാടകം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും രംഗാവതരണങ്ങള്‍, കാവാലത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, പ്രഥമ കാവാലം നാരായണപ്പണിക്കര്‍ നാട്യാചാര്യ പുരസ്‌കാര സമര്‍പ്പണം, പുസ്തകപ്രകാശനം, പാരമ്പര്യകലകളുടെ അവതരണം എന്നിവ മൂന്നു ദിവസത്തെ മഹോത്സവത്തിലെ പ്രധാന ഇനങ്ങള്‍. കാവാലം രചിച്ച 'അവധൂതശങ്കരം' എന്ന കവിത ആദ്യമായി ആട്ടക്കഥയായി മാറുന്നുവെന്നത് മഹോത്സവത്തിലെ സവിശേഷതയാണ്. ഭാരത് ഭവന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ചലച്ചിത്ര അക്കാദമി, കേരള സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ക്ലാന്‍ഡ് തൃക്കരിപ്പൂര്‍, കൂടിയാട്ടം കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് കാവാലം മഹോത്സവം സംഘടിപ്പിക്കുന്നത്. ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സോപാനം ഡയറക്ടര്‍ ശാരദ പണിക്കര്‍, സെക്രട്ടറി കല്യാണി കൃഷ്ണന്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ കിച്ചു ആര്യാട്, ശ്രീകുമാര്‍, ശിവമോഹന്‍ തമ്പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.