കോന്നി ആര്‍സിബി അഴിമതി: ഭരണസമിതിയില്‍ വിഭാഗീയത രൂക്ഷം

Tuesday 20 June 2017 8:14 pm IST

പത്തനംതിട്ട: കോന്നി റീജണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ (ആര്‍സിബി) കോടികളുടെ അഴിമതി പുറത്തു വന്നതോടെ സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ വിഭാഗീയത രൂക്ഷം. തന്റെ അറിവോടെയല്ല ജീവനക്കാര്‍ തട്ടിപ്പ്് നടത്തിയതെന്ന വാദമാണ് പ്രസിഡന്റ് ഉയര്‍ത്തുന്നതെങ്കിലും സിപിഎം അംഗങ്ങളടക്കം ഭരണസമിതിയിലെ ബാക്കിയുള്ളവര്‍ ഇതംഗീകരിക്കുന്നില്ല. സിപിഐ അംഗങ്ങള്‍ സാമ്പത്തിക ക്രമക്കേടിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കുറെ നാളുകളായി ബാങ്കില്‍ നിന്നും അനുവദിച്ച വായ്പകളിലും ചിട്ടി ഇടപാടുകളിലുമായി രണ്ടര ക്കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയര്‍ന്നത്. സെക്രട്ടറി അടക്കമുള്ള ഏതാനും ജീവനക്കാരുടേയും അവരുടെ അടുത്ത ആളുകളുടേയും പേരില്‍ വായ്പ്പകള്‍ എടുത്തും ചിട്ടി ചേര്‍ത്തുമാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് ബാങ്കിലെ കാഷ്യര്‍ ഭരണസമിതിക്ക് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സെക്രട്ടറി, ക്ലര്‍ക്ക്, പ്യൂണ്‍ എന്നീ മൂന്നു പേരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മതിയായ രേഖകള്‍ ഇല്ലാതെയും ജാമ്യവ്യവസ്ഥകള്‍ പാലിക്കാതെയുമാണ് വായ്പ്പകള്‍ നല്‍കിയത്. പല പേരുകളില്‍ ചിട്ടി ചേരുകയും പണം പിന്‍വലിക്കുകയും ചെയ്തിട്ട് ഏതാനും തവണകള്‍ അടയ്ക്കുകയുമാണ് ചെയ്യുന്നത്. പല അപേക്ഷകളിലും പ്രസിഡന്റിന്റെ ഒപ്പ് ഇല്ലാതെയാണ് വായ്പ്പ നല്‍കിയിരിക്കുന്നത്. ഇത് പിടിവള്ളിയാക്കാനാണ് പ്രസിഡന്റ് ശ്രമിച്ചതെങ്കിലും ഇതിന് സിപിഎമ്മില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ക്രമക്കേട് നടത്തിയ തുക തിരികെ അടച്ച് പ്രശ്‌നം പരിഹരിക്കാനും ശ്രമം നടന്നു. എന്നാല്‍ പയ്യനാമണ്ണില്‍ നിന്നും ഉള്ള സിപിഎം ബോര്‍ഡ് അംഗം പാര്‍ട്ടി ജില്ലാകമ്മറ്റിക്കും ഏറിയാ, ലോക്കല്‍ കമ്മറ്റികള്‍ക്കും പരാതി നല്‍കി. പാര്‍ട്ടിതല അന്വേഷണത്തിന് സഹകരണ ബാങ്ക് ജീവനക്കാരനായ ജില്ലാകമ്മറ്റി അംഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഗ്യാസ് ഏജന്‍സി, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവയുടെ നടത്തിപ്പിലും വന്‍ അഴിമതി നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇവയുടെ മേല്‍നോട്ടത്തിനായി സബ്കമ്മറ്റികള്‍ രൂപീകരിക്കണമെന്ന സിപിഐ യുടെ ആവശ്യം നടപ്പായില്ല. മെഡിക്കല്‍ സ്റ്റോറിന്റെ വാര്‍ഷിക ലാഭം വെറും 5000 രൂപയാണെന്നും പറയുന്നു. ഗ്യാസ് ഗോഡൗണ്‍ ഇളകൊള്ളൂരിലേക്ക് മാറ്റിയതിലും അഴിമതി ഉണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.