ബംഗളൂരു: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വാഹനവ്യൂഹം തടഞ്ഞ് ആംബുലന്‍സ് കടത്തി വിട്ട പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം. ട്രാഫിക് പൊലീസ് സബ് ഇന്‍സ്പെകടര്‍ എം.എല്‍.നിജലിംഗപ്പയുടെ നടപടിക്കാണ് ഈ അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളിലെ തിരക്കേറിയ റോഡിലൂടെ എത്തിയ രാഷ്ട്രപതിയുടെ വാഹനവ്യൂഹം നിജലിംഗപ്പ തടഞ്ഞ ശേഷം ആംബുലന്‍സ് കടത്തിവിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിജലിംഗപ്പ താരമാകുകയായിരുന്നു.
മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനായി എത്തിയ രാഷ്ട്രപതിയുടെ വാഹനവ്യൂഹം രാജ്ഭവനിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് എത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നിജലിംഗപ്പ വാഹനവ്യൂഹത്തെ അല്പസമയം വഴിയില്‍ തടഞ്ഞിട്ട ശേഷം ആംബുലന്‍സിനെ കടത്തുപോകാന് അനുവദിക്കുകയായിരുന്നു.
രോഗിയുടെ ജീവന് രക്ഷിക്കാന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ നിജലിംഗപ്പയെ പ്രശംസിച്ച് ട്രാഫിക് ഈസ്റ്റ് ഡിസിപിയും കമ്മിഷണര്‍ പ്രവീണ്‍ സൂദ് ഐപിഎസും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥന് പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: