പിരിച്ച് വിടലില്ലെന്ന് ഇന്‍ഫോസിസ്

Tuesday 20 June 2017 5:32 pm IST

ബെംഗളുരു: പിരിച്ച് വിടല്‍ വാര്‍ത്തകളെ തള്ളി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്. രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുടെ അടിസ്ഥാനത്തില്‍ കമ്പനി പ്രവര്‍ത്തനം തുടരുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 20,000 പേരെ പുതിയതായി നിയമിക്കാനാണ് പദ്ധതിയെന്നും കമ്പനി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഫോസിസ് എച്ച്ആര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ലോബോയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ വളര്‍ച്ച വലിയ രീതിയിലാണെന്ന് ലോബോ ചൂണ്ടിക്കാട്ടി. മിക്ക കമ്പനികളുടെയും ബിസിനസുകള്‍ ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗത ഐടി സേവനങ്ങളാണ് ഒരു പകുതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ജോലിക്കെടുക്കുന്ന ആളുകളുടെ എണ്ണവുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം വരുമാനവും.പുതിയ തരം ബിസിനസുകളെ ഉള്‍ക്കൊള്ളുന്നതാണ് അടുത്ത പകുതി. ആളുകളുടെ കൂട്ടിച്ചേര്‍ക്കലുമായി ഇതിന് നേരിട്ട് ബന്ധമില്ല. ഓരോ ജീവനക്കാരനും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ബില്ലിംഗ് ചെയ്യുമെന്നതാണ് മാറി വരുന്ന സാഹചര്യത്തില്‍ തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്‍ഫോസിസില്‍ ജോലിക്ക് പ്രവേശിക്കുന്നതിനായി നിരവധി തലങ്ങളുണ്ട്. എന്നിരുന്നാലും പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നു. ഒന്നില്‍ കൂടുതല്‍ സാങ്കേതികവിദ്യയില്‍ ഇന്‍ഫോസിസ് പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മഷിന്‍ ലേണിംഗ് തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവരേയും വലിയ സങ്കീര്‍ണ്ണവുമായ പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെയും കണ്ടെത്താന്‍ ഇന്‍ഫോസിസ് കൂടുതല്‍ നിക്ഷേപിക്കുന്നുണ്ട്. ബിസിനസ് ഡിമാന്‍ഡുകളുമായി കൂടുതല്‍ അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് പരിശീലനത്തിലെ ഏറ്റവും വലിയ മാറ്റം. നൂതനമായ കഴിവുകളിന്മേലാണ് ഇന്‍ഫോസിസ് പരിശീലനം നല്‍കുന്നത്. ഇന്‍ഫോസിസിലെ പിരിച്ചു വിടല്‍ സംബന്ധമായ വാര്‍ത്തകളെ അദ്ദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞു. ഒരു തരത്തിലുള്ള പിരിച്ചുവിടലുകളും കമ്പനി ലക്ഷ്യമിടുന്നില്ലെന്നും അതിനുള്ള കാരണങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ജീവനക്കാരുടെ വൈദഗ്ധ്യങ്ങള്‍ നവീകരിക്കുക വഴി കൂടുതല്‍ അവസരങ്ങളാണ് ഇന്‍ഫോസിസ് മുന്നോട്ട് വയ്ക്കുന്നത്. പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയാത്ത ചെറിയൊരു ശതമാനം ആളുകളുണ്ടെങ്കിലും അത്തരക്കാരും പിരിച്ച് വിടല്‍ ഭീഷണി നേരിടുന്നില്ല. അമേരിക്കയില്‍ ടെക്നോളജി ഹബ്ബുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന ഇന്‍ഫോസിസ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാരെ ജോലിക്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു ഇന്‍ഫോസിസിന്റെ തീരുമാനത്തെ വൈറ്റ്ഹൗസും സ്വാഗതം ചെയ്തിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.