ജസ്റ്റീസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

Tuesday 20 June 2017 8:20 pm IST

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ പോലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരില്‍നിന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ് ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മേയ് ഒന്പതുമുതല്‍ കര്‍ണന്‍ ഒളിവിലായിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും മറ്റും കത്ത് എഴുതിയ കേസിലാണ് സുപ്രീംകോടതി ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ സ്വമേധയാ കേസെടുത്തത്. വിചാരണനടപടികളുമായി സഹകരിക്കാത്ത ജസ്റ്റിസ് കര്‍ണ്ണന്‍ ചീഫ്ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സുപ്രീംകോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിക്കുകയായിരുന്നു. മെയ് 9ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പടെയുള്ള ഏഴംഗ ബെഞ്ചാണ് കര്‍ണ്ണനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് പത്താം തീയതി കര്‍ണ്ണന്‍ ഒളിവില്‍ പോവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.