ഓട്ടോ റിക്ഷകളുടെ സര്‍വ്വീസില്‍ പ്രതിഷേധിച്ച് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി

Tuesday 20 June 2017 9:16 pm IST

പുഞ്ചവയല്‍: ബസ് സര്‍വ്വീസുകള്‍ നിലച്ചതോടെ പുഞ്ചവയല്‍, 504 കോളനി നിവാസികള്‍ യാത്രാ ദുരിതത്തിലാകുന്നു. എരുമേലി, പൊന്‍കുന്നം ഡിപ്പോകളില്‍ നിന്നും മുണ്ടക്കയം വഴി മേഖലയിലേക്ക് സര്‍വ്വീസ് നടത്തി വന്ന രണ്ടു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളും, കൊമ്പുകുത്തി 504 കോളനി റൂട്ടില്‍ ഓടികൊണ്ടിരുന്ന ഒരു സ്വകാര്യ ബസുമാണ് സര്‍വ്വീസ് അവസാനിപ്പിച്ചത്.ഓട്ടോറിക്ഷാകളുടെ സമാന്തര സര്‍വ്വീസാണ് ബസുകള്‍ സര്‍വ്വീസ് നിര്‍ത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു ബസുകളും രാവിലെയും വൈകിട്ടുമായി നടത്തി വന്ന 10 ട്രിപ്പുകളാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ പുഞ്ചവയല്‍, 504 കോളനി, മുരിക്കുംവയല്‍, പുഞ്ചവയല്‍, പാക്കാനം, കടമാന്‍തോട്, കുളമാക്കല്‍, കാരിശേരി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കുമുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലായി. ദിവസേന 250 കിലോമീറ്റര്‍ ദൂരം സര്‍വ്വീസ് നടത്തി 8500 രൂപയോളം കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന സര്‍വ്വീസാണ് അട്ടിമറിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ താഴെ കളക്ഷനുള്ള സര്‍വ്വീസുകള്‍ എരുമേലി ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നുമുണ്ട്. വിദ്യാര്‍ഥികളും, തൊ ഴിലാളികളും,സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പടെ ദിവസവും നൂറുകണക്കിനാളുകള്‍ യാത്ര ചെയ്തുവന്ന സമയത്തെ സര്‍വ്വീസുകളാണ് നിലച്ചത്. 504 കോളനി ഗവ.സ്‌കൂള്‍, പുഞ്ചവയല്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മുരിക്കുംവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥി കളും അധ്യാപകരും കൂടാതെ മുണ്ടക്കയത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും, ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് മുണ്ടക്കയത്ത് എത്തി യാത്ര ചെയ്യേണ്ട നൂറുകണക്കിനാളുകളാണ് ദുരിതയാത്ര ചെയ്യുന്നത്.രാവിലെയും വൈകിട്ടും സ്‌കൂള്‍ സമയങ്ങളില്‍ ഓട്ടോറിക്ഷാകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനാല്‍ ഈ സമയത്തെ ബസുകളില്‍ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളതെന്നും, ഇങ്ങനെ സര്‍വ്വീസ് നഷ്ടത്തിലായതുകൊണ്ടാണ് ബസ് സര്‍വ്വീസ് നിര്‍ത്തിയതെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു. സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെ പോലീസ്,മോട്ടോര്‍ വാഹനവകുപ്പ് അധികാരികള്‍ക്ക് നാട്ടുകാര്‍ പലതവണ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. യാത്രാ ക്‌ളേശം രൂക്ഷമായതോടെ യാത്രക്കാര്‍ കര്‍മ്മ സമിതി രൂപീകരിച്ച് കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.