പഴമയിലേക്ക് വെളിച്ചം വീശി താളിയോല പ്രദര്‍ശനം

Tuesday 20 June 2017 9:22 pm IST

ഗുരുവായൂര്‍: അപൂര്‍വ്വങ്ങളായ താളിയോല ഗ്രന്ഥങ്ങള്‍, ക്ഷേത്രമടക്കം ഗുരുവായൂരിന്റെ പഴയകാല ദൃശ്യങ്ങള്‍, ചരിത്രശേഷിപ്പുകള്‍ പോലെയുള്ള അനശ്വരങ്ങളായ ചിത്രങ്ങള്‍, മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരുടെ കത്തുകള്‍, പഴയകാലത്തിന്റെ പത്രവാര്‍ത്തകള്‍ എന്നിവയുള്‍പ്പെടുത്തി വായനാദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം മതഗ്രന്ഥശാലയില്‍ ആരംഭിച്ച പ്രദര്‍ശനം പഴമയിലേക്ക് വെളിച്ചം വീശുന്നതായി. കൃഷ്ണഗാഥ, ഭാഗവതം കിളിപ്പാട്ട്, തൈത്തീരിയം, ആര്യഭടീയം, ഉപനിഷത്തുകള്‍, വിഷവൈദ്യം എന്നിങ്ങനെ 25 ഓളം താളിയോലഗ്രന്ഥങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 1936 മുതല്‍ 66 വരെ ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന്റെ ഔദ്യോഗിക കത്തിടപാടുകളുടെ വിവരങ്ങളും പ്രദര്‍ശനത്തിലുണ്ട്. ദേവസ്വത്തിന്റെ ആദ്യകാല ലൈബ്രേറിയനായിരുന്ന പൂതൂര്‍ ഉണ്ണികൃഷ്ണന് കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അയച്ച കത്തും നാലപ്പാട്ട് ബാലാമണിയമ്മ ദേവസ്വത്തിനയച്ച നാരായണീയം ദിനാഘോഷത്തിന് വരാന്‍ കഴിയില്ലെന്നറിയിക്കുന്ന കത്തും മുതല്‍ ഒ.എന്‍.വി.കുറുപ്പ് വരെയുള്ളവരുടെ അനശ്വരങ്ങളായ കയ്യെഴുത്തുകള്‍ പ്രദര്‍ശനത്തിലെ മുതല്‍ക്കൂട്ടാണ്. ഡോ.എസ്.രാധാകൃഷ്ണന്‍, കെ.പി.എസ്.മേനോന്‍, രാജീവ് ഗാന്ധി തുടങ്ങീ നിരവധി പ്രമുഖരുടെ ക്ഷേത്രദര്‍ശനത്തിന്റെ അപൂര്‍വ്വങ്ങളായ ചിത്രങ്ങളും കാണാം. ഗുരുവായൂര്‍ ക്ഷേത്രം അഗ്നിബാധക്കിരയായത് മുതല്‍ ഒരു വര്‍ഷം മുമ്പ് തൃശ്ശൂരിന്റെ തലപ്പൊക്കം എന്ന ആനപ്പരമ്പര വരെയുള്ള തലയെടുപ്പുള്ള പത്രവാര്‍ത്തകളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിരിക്കുന്നു. പ്രദര്‍ശനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം നാളെവരെ തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.