മതം മാറ്റത്തിനും പച്ചക്കൊടി

Friday 20 July 2012 9:51 pm IST

ലോകത്തിലെ ഏറ്റവും വലിയ മതങ്ങളില്‍ മൂന്നാം സ്ഥാനമാണ്‌ ഹിന്ദുമതത്തിന്‌. ഒന്നാം സ്ഥാനം ക്രിസ്തുമതത്തിനാണ്‌. ലോകജനസംഖ്യയില്‍ 33 ശതമാനമാണിത്‌. രണ്ടാം സ്ഥാനമാകട്ടെ ഇസ്ലാം. 19.6 ശതമാനമുണ്ട്‌ ഇസ്ലാം. മൂന്നാം സ്ഥാനത്തുള്ള ഹിന്ദുക്കളുടെ ശതമാനം 13.4 ആണ്‌. വലിയേട്ടന്മാര്‍ രണ്ടും നോട്ടമിട്ടിരിക്കുന്നത്‌ മൂന്നാമനെയാണ്‌. "മാര്‍ഗം കൂട്ടാന്‍" സകല മാര്‍ഗങ്ങളും പ്രയോഗിക്കുകയാണ്‌. പണ്ടൊക്കെ അധികാരവും ശക്തിയും ഉപയോഗപ്പെടുത്തിയാണെങ്കില്‍ ഇപ്പോള്‍ പ്രലോഭനങ്ങള്‍ നല്‍കിയും പ്രയോജനങ്ങള്‍ വച്ചു നീട്ടിയും മതംമാറ്റത്തിന്‌ ആക്കം കൂട്ടുകയാണ്‌. ഒരു ദശകത്തിനിപ്പുറമാണ്‌ പുതിയ രീതി അവലംബിച്ചിരിക്കുന്നത്‌. ഓരോ ദിവസവും ആളെ പിടിക്കാന്‍ സംഘടിത മതക്കാര്‍ ഒരുങ്ങി നടക്കുന്നു. അത്തരക്കാര്‍ എണ്ണമറ്റതാണ്‌. പല പ്രദേശങ്ങളിലും വലിയ സാമൂഹ്യപ്രശ്നമായി ഇത്‌ മാറിയിട്ടുണ്ടെങ്കിലും കേരള മുഖ്യമന്ത്രിക്ക്‌ അതില്‍ ഒരാശങ്കയുമില്ല. ഇക്കഴിഞ്ഞ 16ന്‌ നിയമസഭയില്‍ അത്‌ പറയാന്‍ ഒരു സങ്കോചവുമുണ്ടായിരുന്നില്ല.
മതപരിവര്‍ത്തനം സംബന്ധിച്ച്‌ ആശങ്കാജനകമായ പ്രശ്നങ്ങളില്ലെന്നാണ്‌ മുഖ്യമന്ത്രി പ്രസ്താവിച്ചത്‌. നിര്‍ബന്ധിത മതംമാറ്റം സംബന്ധിച്ച്‌ കാര്യമായ പരാതികളൊന്നുമില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കാന്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കെ.കെ.ലതികയുടെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മതപരിവര്‍ത്തനത്തിന്റെ നല്ലൊരു ഭാഗവും മിശ്രവിവാഹവുമായി ബന്ധപ്പെട്ടാണ്‌. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.
സമുദായസൗഹാര്‍ദ്ദവും പരസ്പരധാരണയും പരസ്പരവിശ്വാസവും നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യും. മതപരിവര്‍ത്തനത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മതതീവ്രവാദത്തിന്‌ ഇതുള്‍പ്പെടെ എന്തുതന്നെ ഇടപെടലുണ്ടായാലും കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും മതം മാറ്റുന്നതിന്‌ പ്രോത്സാഹനം ലഭിക്കുന്ന സമീപനമാണ്‌ പലപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നതില്‍ സംശയമില്ല.
പണവും പ്രണയവുമാണ്‌ മതംമാറ്റത്തിന്റെ ഇന്നത്തെ മുഖ്യ ആയുധം. ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ മതം മാറ്റാന്‍ ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തുന്നത്‌. ക്രിസ്തുമതത്തിലേക്കുള്ള മാറ്റത്തിന്‌ പണമാണ്‌ മുഖ്യമെങ്കില്‍ ഇസ്ലാമിലേക്ക്‌ പണത്തോടൊപ്പം പ്രണയവുമുണ്ട്‌. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം ക്രിസ്ത്യന്‍ സംഘടനകള്‍ക്ക്‌ 450 കോടി രൂപ വന്നെന്ന്‌ ഔദ്യോഗികമായി തന്നെ വെളിപ്പെട്ടിരിക്കുന്നു. ഇന്ത്യയൊട്ടാകെ അത്‌ എത്രയായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ പണം എങ്ങനെ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കേണ്ടത്‌ തങ്ങളുടെ ഉത്തരവാദിത്വമോ അധികാര പരിധിയിലോ വരുന്നതല്ലെന്ന്‌ ന്യായം പറഞ്ഞേക്കാം. പക്ഷേ കേരള സര്‍ക്കാരിന്‌ ഉത്തരവാദിത്വമില്ലേ ? ഇത്രയും പണം ഒരു വര്‍ഷം ഇവിടെ വന്നതിനെ കുറിച്ച്‌ ഉമ്മന്‍ചാണ്ടിക്ക്‌ ആശങ്ക വേണ്ടായിരിക്കാം. എന്നാല്‍ കേരള മുഖ്യമന്ത്രി ആശങ്കപ്പെടേണ്ടതല്ലേ ?
ഏറ്റവും കൂടുതല്‍ വിദേശ പണം എത്തിയിരിക്കുന്നത്‌ കെ.പി.യോഹന്നാന്റെ തിരുവല്ലയിലുള്ള ബിലിവേഴ്സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യക്കാണ്‌. 159,91,67,620 രൂപയാണ്‌ ഒരു വര്‍ഷം മാത്രം യോഹന്നാന്‌ ലഭിച്ചിരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ പണം വന്നിരിക്കുന്ന ജില്ലയും പത്തനംതിട്ടയാണ്‌. 195 കോടിയാണ്‌ പത്തനംതിട്ട ജില്ലയിലേക്ക്‌ വിദേശത്തുനിന്നും എത്തിയിരിക്കുന്നത്‌. 11 എന്‍ജിഒകള്‍ക്കാണ്‌ ഈ പണം വന്നിരിക്കുന്നത്‌. എല്ലാം ക്രിസ്ത്യന്‍ സംഘടനകളാണ്‌. 39 കോടി രൂപ എത്തിയ കോഴിക്കോട്‌ രണ്ടാം സ്ഥാനത്തും 23 കോടി രൂപ വിദേശത്തുനിന്നെത്തിയ തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്‌. സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ 3,78,933 സന്നദ്ധ സംഘടനകളാണ്‌.
ഇതില്‍ 18,142 സംഘടനകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ 436 സംഘടനകള്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം വിദേശത്തുനിന്നും പണം കിട്ടിയത്‌. 436 സംഘടനകളില്‍ 385 എണ്ണവും ക്രിസ്ത്യന്‍ സഭകളുമായി ബന്ധപ്പെട്ടതാണ്‌. 42 എണ്ണം മുസ്ലീം മാനേജ്മെന്റിന്റെ സംഘടനകളാണ്‌. 2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമേ സന്നദ്ധസംഘടനകള്‍ക്ക്‌ വിദേശത്തുനിന്നും സഹായം കൈപ്പറ്റാന്‍ കഴിയൂ. ലഭിച്ച പണത്തിന്റെ വരവ്‌ ചെലവ്‌ ഇനങ്ങള്‍ അതാത്‌ വര്‍ഷം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നാണ്‌ വ്യവസ്ഥ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ കണക്ക്‌ പരിശോധിക്കും. യുപിഎ എന്ന അശ്ലീല സഖ്യത്തിന്‌ ഇതൊന്നും പരിശോധിക്കാന്‍ നേരമില്ല. തലപ്പത്തുള്ളവരാകട്ടെ ഇത്തരം സംഘടനകളുടെ താത്പര്യ സംരക്ഷകരുമാണ്‌. കണക്കില്‍ പെട്ട പണം മാത്രമല്ല മതം മാറ്റത്തിന്‌ ഉപയോഗിക്കുന്നത്‌. കണക്കില്ലാത്ത പണവും ഒഴുകിയെത്തും. കൊച്ചിയില്‍ ഏതാനും വര്‍ഷം മുമ്പ്‌ കപ്പലില്‍ ഒരു കണ്ടെയ്നര്‍ നിറയെ നോട്ടുകെട്ടുകള്‍ എത്തി എന്ന വിവരം പുറത്തു വന്നിരുന്നു. അത്‌ പിന്നീട്‌ വന്ന വഴിയും പോയ വഴിയും ആരും അന്വേഷിച്ചിരുന്നില്ല. പക്ഷേ കള്ളനോട്ടുകള്‍ അതിനു ശേഷം കേരളത്തില്‍ വ്യാപകമായി കണ്ടെത്തുകയുണ്ടായി. കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചതാണെന്ന നിഗമനത്തിലെത്തുകയും ചെയ്തതാണ്‌.
കേരളത്തില്‍ മിശ്രവിവാഹം അനുവദനീയമാണെന്നു പറയുന്ന മുഖ്യമന്ത്രി എന്താണ്‌ മിശ്രവിവാഹം എന്നു കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. മതം മാറ്റി വിവാഹം നടത്തുന്നത്‌ മിശ്രവിവാഹത്തിന്റെ ഗണത്തില്‍ പെടുമോ ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടാകും. തൊട്ടടുത്തിരിക്കുന്ന ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ഉമ്മന്‍ചാണ്ടിയുടെ വലംകൈയാണല്ലോ. വലിയ വായില്‍ വര്‍ത്തമാനം പറയുന്ന പി.സി.ജോര്‍ജിന്റെ മകന്‍ വിവാഹം ചെയ്തത്‌ ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റിയ ശേഷമാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌. അതിനെ മിശ്രവിവാഹമായി കണക്കാക്കാമോ? വ്യക്തിപരമായ അനുഭവങ്ങളുണ്ടായാലേ ആശങ്കപെടേണ്ട സാഹചര്യം ഉണ്ടാകൂ എന്ന്‌ ഉമ്മന്‍ചാണ്ടിക്ക്‌ ആശ്വസിക്കാം. പക്ഷേ കേരള മുഖ്യമന്ത്രി അങ്ങനെയാകാന്‍ പാടില്ല. പത്തിരുപതു വര്‍ഷം പോറ്റി വളര്‍ത്തിയ മക്കള്‍ അച്ഛനമ്മമാരുടെ ഇച്ഛയ്ക്കും പ്രത്യാശയ്ക്കും വിരുദ്ധമായി പെരുമാറുമ്പോള്‍ ആശങ്കപ്പെടാത്ത രക്ഷിതാക്കളുണ്ടാകില്ല. കൊടുത്തവന്‍ മറന്നാലും കൊണ്ടവന്‍ മറക്കില്ലെന്നൊരു ചൊല്ലുണ്ട്‌. അത്‌ ആശങ്കയായി വളരുമെന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രി ആ ആശങ്കയുടെ പങ്കാളിയാകേണ്ടതല്ലേ ? കേരളത്തില്‍ പ്രത്യേകിച്ച്‌ തിരുവനന്തപുരത്ത്‌ മതപരിവര്‍ത്തനത്തിന്റെ പുതിയ രസതന്ത്രം പ്രയോഗത്തിലായിട്ട്‌ വര്‍ഷങ്ങളായി. അതു കൊണ്ടു തന്നെ മതം മാറ്റത്തിന്റെ കണക്കെടുപ്പു കോളത്തില്‍ ശൂന്യമായിരിക്കും. പള്ളിയില്‍ പോകും കുരിശു വരയ്ക്കും കൂട്ടപ്രാര്‍ഥന നടത്തും ഹല്ലേലൂയ പറയും. വിഗ്രഹം കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പാന്‍ പറയും. പക്ഷേ രേഖ പ്രകാരം മതം പഴയതു തന്നെ. ജാതി സര്‍ട്ടിഫിക്കറ്റ്‌ എഴുതി കൊടുക്കാന്‍ ഉദ്യോഗസ്ഥനും സന്നദ്ധന്‍. സംഘര്‍ഷാവസ്ഥ ഉണ്ടാകാത്തത്‌ പ്രകോപനങ്ങളില്ലാത്തതു കൊണ്ടല്ല. ഒരു വിഭാഗം നന്നായി സഹന ശക്തി പ്രയോഗിക്കുന്നതു കൊണ്ടു മാത്രമാണ്‌. "യേശുവില്‍ വിശ്വസിക്കാത്തവന്‍ പാപിയാണ്‌. സ്വര്‍ഗരാജ്യം അവനുള്ളതല്ല" എന്നതു പ്രകോപനമല്ലേ ? തിരിച്ചങ്ങോട്ടും പറഞ്ഞാല്‍ എന്താകും സ്ഥിതി. "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ മാത്രം" എന്ന്‌ മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ അതിലെന്താ തെറ്റ്‌ എന്നു ചോദിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ ലീഡറാണ്‌. ഇസ്ലാമിലൂടെ ഇന്ത്യയെ മോചിപ്പിക്കാന്‍ അവര്‍ ഇപ്പോള്‍ സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നാണ്‌ പ്രണയം നടിച്ച്‌ വശത്താക്കല്‍. ലൗജിഹാദ്‌ എന്നൊന്ന്‌ ഇല്ലെന്നു ഭാവിച്ചിരുന്നവരും ഇന്നതിന്റെ ഭവിഷ്യത്തിനെ ഓര്‍ത്ത്‌ ആശങ്കപ്പെടുന്നത്‌ മുഖ്യമന്ത്രി കാണണം.
7,713 പേര്‍ ഇസ്ലാമിലേക്ക്‌ മതം മാറ്റപ്പെട്ടതായി ജൂണ്‍ 25ന്‌ ഉമ്മന്‍ചാണ്ടി തന്നെ നിയമസഭയില്‍ സമ്മതിച്ചതാണ്‌. ഇതില്‍ 2,185 ഹിന്ദു യുവതികളാണ്‌. ലൗജിഹാദിലൂടെയാണ്‌ ഈ മാറ്റം സംഘടിപ്പിച്ചത്‌. ക്രിസ്തു മതത്തിലേക്ക്‌ 79 യുവതികള്‍ മാറിയതായേ കണക്കുള്ളൂ. അത്‌ രേഖാ മൂലം മതം മാറ്റം നടക്കാത്തതു കൊണ്ടാണെന്നതാണ്‌ നേര്‌. ആറു വര്‍ഷത്തിനിടയില്‍ എട്ടു പേര്‍ ഹിന്ദുമതം സ്വീകരിച്ചതായി മുഖ്യമന്ത്രി പറയുന്നുണ്ട്‌. ഈ സംഖ്യ കുറഞ്ഞതു കൊണ്ടാകുമോ മുഖ്യമന്ത്രിക്ക്‌ ആശങ്കയില്ലാത്തത്‌ ? ലൗ ജിഹാദിനെ കുറിച്ച്‌ അടുത്തിടെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്‌.
ലൗജിഹാദിനെതിരെ രക്ഷകര്‍ത്താക്കളും അധ്യാപകരും പൊതുസമൂഹവും ജാഗ്രത പാലിക്കണമെന്നാണ്‌ വെള്ളാപ്പള്ളി അഭ്യര്‍ഥിച്ചത്‌. ലൗജിഹാദില്‍ പെട്ട്‌ മതം മാറിപ്പോയ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഈഴവാദി പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണ്‌. ലൗജിഹാദില്‍ പെട്ട നിരവധി പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്‌. മലപ്പുറത്താണ്‌ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തന കേന്ദ്രവും തുടര്‍ പഠനത്തിനുള്ള ഇസ്ലാമിക മതസ്ഥാപനങ്ങളും കൂടുതലുള്ളത്‌. അതിനാല്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തി മതം മാറിയിട്ടുണ്ട്‌. പൊതുസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഭീകരവാദികളുടെ വിഘടന പ്രവര്‍ത്തനമാണ്‌ ലൗജിഹാദ്‌. ഹിന്ദുക്കളിലെ ഐക്യമില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത്‌ അംഗബലം വര്‍ധിപ്പിച്ച്‌ അധികാരം പിടിച്ചടക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക്‌ ആശങ്ക മുളയ്ക്കുന്നില്ലെങ്കില്‍ അതെന്തു കൊണ്ടാണെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു ?
കെ. കുഞ്ഞിക്കണ്ണന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.