പേരാമ്പ്ര: പേരാമ്പ്ര ചേര്മല കോളനിയുടെയും ഗവ. വെല്‍ഫെയര്‍ സ്കൂളിന്റെയും ശോചനീയാവസ്ഥ പരിഹരിക്കാന്‍ എംപി ഫണ്ടില്‍ നിന്ന് സഹായം അനുവദിക്കുമെന്ന് സുരേഷ്ഗോപി എംപി അറിയിച്ചു. ഇന്നലെ സ്കൂളും കോളനിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെല്‍ഫെയര്‍ ഗവ: എല്‍പി സ്ക്കൂളിന് അഞ്ച് കമ്പ്യൂട്ടറും പ്രിന്ററും നല്‍കും. ചേര്മല സാംബവ കോളനിയില്‍ 10 ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. പേരാമ്പ്ര ഹൈസ്കൂള്‍ റോഡ് മുതല്‍ കോളനി വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മാണത്തിനും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്കി. കോളനിയില്‍ ഓട്ടിസം ബാധിച്ച് കിടപ്പിലായ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും അദ്ദേഹം ഏറ്റെടുത്തു.
സാംബവ വിഭാഗത്തിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന ഗവ.വെല്‍ഫെയര്‍ എല്‍പി സ്ക്കൂളിന്റെയും ചേര്മല കോളനിയുടെയും ശോച്യാവസ്ഥ നേരിട്ട് കണ്ടറിയാനും മനസിലാക്കാനുമാണ് സുരേഷ് ഗോപി എത്തിയത്. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രഫുല്‍ കൃഷ്ണന്, കെ. വത്സരാജ്, വി.സി. ബിനീഷ്, പി. ബിജുകൃഷ്ണന്, കെ.കെ. രജീഷ്, രാകേഷ് തറമ്മല്‍, സി.കെ. സാജു, നിഖില്‍ മോഹന്‍, അനൂപ്, ജിഷ സുധീഷ്, വിശ്വഭാരതി സേവാസമിതി പ്രവര്‍ത്തകരായ പി.സി. സുരേന്ദ്രനാഥ്, ഇ.വി. രാജീവന്, ചെമ്പോട്ടി അശോകന്, കെ.എം. ഗണേശന്, കളത്തും പറമ്പത്ത് രാജീവന് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: