സുജിത്ത് വധം: കുറ്റപത്രം സമര്‍പ്പിച്ചു

Tuesday 20 June 2017 11:02 pm IST

കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയിലെ ബിജെപി പ്രവര്‍ത്തകന്‍ പാറക്കാട്ട് വളപ്പില്‍ സുജിത്തിനെ (27) വീട്ടില്‍കയറി അടിച്ചുകൊന്ന സംഭവത്തില്‍ വളപട്ടണം പോലീസ് സിപിഎം പ്രവര്‍ത്തകരായ 19 പ്രതികള്‍ക്കെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (2) ഇ.രഞ്ചിത്ത് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. 2016 ഫിബ്രവരി 16ന് രാത്രി പതിനൊന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കീച്ചേരി, അരോളി, പാപ്പിനിശ്ശേരി സ്വദേശികളായ ആകാശ്, ശ്രീജയന്‍, അനുപ്രസാദ്, ജോയി ജോസഫ്, പ്രശാന്ത്, സമീന്ദ്രന്‍, ലിതേഷ് ചന്ദ്രന്‍, വിഷ്ണുദേവ്, രാഹുല്‍, പ്രിജേഷ് ഭാര്‍ഗവന്‍, ലിപിന്‍, നിഖില്‍, വിഷ്ണുരാജന്‍, ജിഷ്ണുദേവ്, ജാക്‌സണ്‍ തുടങ്ങിയവര്‍ വീട്ടില്‍ക്കയറി സുജിത്തിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അതിക്രമിച്ച് കയറല്‍, കുറ്റകരമായ ഗൂഡാലോചന, കൊലപാതകം, ന്യായവിരോധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. 59 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. വളപട്ടണം സിഐ ആയിരുന്ന ടി.കെ.രത്‌നകുമാറാണ് കേസന്വേഷണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.