അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കമായി

Wednesday 21 June 2017 8:33 am IST

ലക്നൗ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ തുടക്കമായി. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫിറ്റ്‌നസിനൊപ്പം നന്മകള്‍ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്നും യോഗ ദിനാചരണത്തിന്റെ ഭാഗമാകുന്ന പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തിയത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം മറ്റ് മന്ത്രിമാരും യോഗാഭ്യാസ പരിപാടികളില്‍ പങ്ക് ചേര്‍ന്നു. രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട്. ദല്‍ഹിയില്‍ വിവിധ കേന്ദ്രങ്ങളിലായി 35,000ത്തിലേറെ ആളുകള്‍ യോഗ ചെയ്യും. പരിപാടിയില്‍ മുന്നൂറിലേറെ മുസ്ലിം യുവാക്കളും പെണ്‍കുട്ടികളും മോദിക്കൊപ്പം യോഗയില്‍ പങ്കെടുക്കും. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദ് ന്യൂദല്‍ഹി കൊണാട്ട് പ്ലേസിലെ യോഗാഭ്യാസത്തില്‍ പങ്കെടുക്കും. യുഎന്‍ ആസ്ഥാനത്തും ലോകത്തിലെ വിവിധ ഇന്ത്യന്‍ മിഷനുകളിലും പരിപാടികള്‍ നടക്കും. യോഗയുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ അവാര്‍ഡ് രമാമണി അയ്യങ്കാര്‍ മെമ്മോറിയല്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമ്മാനിക്കും. അന്താരാഷ്ട്രാ യോഗദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.