ഖത്തര്‍ ഉപരോധം: രൂക്ഷവിമര്‍ശനവുമായി അമേരിക്ക

Wednesday 21 June 2017 11:21 am IST

ന്യയോര്‍ക്ക്: ഖത്തര്‍ ഉപരോധത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണമെന്താണെന്നാണ് അമേരിക്ക ചോദിച്ചു. സൗദി, യുഎഇ രാജ്യങ്ങളോടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചോദ്യം ഉന്നയിച്ചത്. ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെയൊന്നാകെ 'നിഗൂഢമാക്കി' എന്നും അമേരിക്ക ആരോപിച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണോ, ഗള്‍ഫ് കൂട്ടായ്മയായ ജിസിസിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന രോഷമാണോ ഉപരോധത്തിന്റെ കാരണമെന്ന് വ്യക്തമാക്കണമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് ആവശ്യപ്പെട്ടു. സമയം കൂടുതല്‍ പിന്നിടുന്തോറും സൗദി, യുഎഇ രാജ്യങ്ങളുടെ നീക്കത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. എത്രയുംവേഗം പ്രശ്‌നം തീര്‍ക്കണമെന്നും ന്യൂവര്‍ട്ട് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ യുഎസിന്റെ സുപ്രധാന പങ്കാളികളാണ്. ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ശ്രമം തുടരുന്നതിന്റെ ഭാഗമാണു പരസ്യ വിമര്‍ശനമെന്നാണു വ്യക്തമാകുന്നത്. അതേസമയം, ഖത്തറിനെതിരായ പരാതികളുടെ വിശദമായ പട്ടിക തയാറാക്കി വരികയാണെന്നു സൗദി അറിയിച്ചു. സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു പട്ടിക തയാറാക്കുന്നതെന്നു സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തര്‍ ആവശ്യങ്ങളോടു പ്രതികരിക്കുകയും ഭീകരവാദത്തിനുള്ള സഹായം അവസാനിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.