അയ്യപ്പ ബൈജു ഇതിലും ഭേദം

Wednesday 21 June 2017 8:50 pm IST

''ഗോപാലകൃഷ്ണാ, രാജശേഖരാ, ബലരാമാ....'' ക്ഷേത്രനടയില്‍ ഏതെങ്കിലും ഭക്തന്റെ ഹൃദയം പൊട്ടിയുള്ള വിളിയല്ല ഇത്. മറിച്ച്, തങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് വിളംബരം ചെയ്ത പാര്‍ട്ടി നേതാവിന്റെ അഹങ്കാരമാണ് മേലെഴുതിയത്. ആരെങ്കിലും ഒന്ന് വിരല്‍ചൂണ്ടിയാല്‍ മതി, പൊളിഞ്ഞുവീഴുവാന്‍ മാത്രം ആത്മബലമുള്ള ഒരു ഭരണാധികാരിയുടെ ചിന്നംവിളിയാണ് കുറിച്ചത്. എല്ലാം ശരിയാക്കിത്തരാമെന്ന് വോട്ടര്‍മാരോട് പറഞ്ഞതല്ലേ. നന്നായെന്ന് പറയത്തക്ക എന്തെങ്കിലും ഒന്ന് കേരള സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ? തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണല്ലോ. തൃശൂര്‍ ജില്ലയില്‍നിന്നുള്ള ഒരു മന്ത്രി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഒരു പോലീസുദ്യോഗസ്ഥനെ അധിക്ഷേപിച്ചുകൊണ്ടാണല്ലോ ഗണപതിക്ക് കുറിച്ചത്. ആ പോലീസുകാരന്‍ ചെയ്ത തെറ്റെന്താണെന്ന് പൊതുജനത്തിന് ഇതുവരെ മനസ്സിലായിട്ടില്ല. ഒട്ടും മോശമാക്കിയില്ല പാലക്കാട് ജില്ലയില്‍നിന്നുള്ള ഒരു നിയമസഭാ സാമാജികന്‍. കൊമ്പന്റെ പുറകേ മോഴ എന്ന ചേലിലായിരുന്നു മന്ത്രിയുടെ പ്രകടനത്തിന് പിന്നാലെ എംഎല്‍എയുടെ കലിതുള്ളല്‍. മേല്‍പ്പറഞ്ഞ മന്ത്രിയുടെ വസതിയിലേക്കാണ് പൊതുജനം മാര്‍ച്ച് നടത്തിയത്. മന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ട ഒരു ജനപ്രതിനിധിയുടെ അഴകിയ രാവണന്‍ കളിയായിരുന്നു മാര്‍ച്ചിന് നിദാനം. പാവം പട്ടിണിക്കാരിയുടെ മാനത്തിന് പുല്‍ക്കൊടിയുടെ വില പോലും കല്‍പ്പിക്കാതെ മന്ത്രി വേട്ടക്കാരന് സംരക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നു എന്നാണ് ഇന്നും നിലനില്‍ക്കുന്ന ആരോപണം. ദൈവത്തിന്റെ സ്വന്തം നാടെന്ന് പുകള്‍പെറ്റ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍നിന്നും തുടങ്ങിയ സാംസ്‌കാരിക അധഃപതനം തുടര്‍ക്കഥയാണ്; നല്ല തുടക്കം. സഹകരണരംഗത്തുള്ള പരഃശതം ബാങ്കുകളില്‍ കള്ളപ്പണവും ഉണ്ടെന്ന് അന്നത്തെ സഹകരണ വകുപ്പുമന്ത്രി നിയമസഭാ വേദിയില്‍ പറയുകയുണ്ടായി. ''കേരളത്തിന് സ്വന്തം ബാങ്ക്'' എന്ന ഇടതുപക്ഷ ആശയത്തെ അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയാണ് മന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്. സഹകരണമേഖലയില്‍ ഇടതുവിപരീത പക്ഷക്കാരുടെ പ്രയത്‌നങ്ങളെ റാഞ്ചിക്കൊണ്ടുവരാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമമെന്ന ആരോപണത്തെ ഒതുക്കാനും കൂടിയാണ് മന്ത്രി ശ്രമിച്ചത്. അധികം താമസിയാതെ മോദി ഡിമൊണിറ്റൈസേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമേയില്ല എന്നായി ഇടതും വലതും. അതേ സഹകരണ വകുപ്പു മന്ത്രി വകുപ്പൊഴിഞ്ഞ് പ്രശ്‌നം തീര്‍ത്തു. പ്രശ്‌നം തീര്‍ക്കല്‍ എത്ര രസകരം! കേരള മോഡല്‍ നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പൊതു വിദ്യാഭ്യാസയജ്ഞം കടന്നുവരുന്നുണ്ടല്ലോ. അതാണല്ലോ മറ്റൊരു ഊന്നല്‍. ലക്ഷ്മി നായരും ജിഷ്ണു പ്രണോയിയും സാമൂഹ്യ മനഃസാക്ഷിക്കു മുന്നില്‍ രണ്ട് നിലപാടുകളെ പ്രതിനിധീകരിക്കുന്നു. ഒന്ന് അധികാരത്തിന്റെ തണലില്‍ പൊതു വിദ്യാഭ്യാസത്തെ അപ്പാടെ വിഴുങ്ങുമ്പോള്‍, മറ്റൊന്ന് ഈ നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആര്‍ത്തനാദമാണ് മുഴങ്ങുന്നത്. ഇവിടെ പ്രൊഫസര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി മാവിലായിക്കാരനായി മാറിയത് എന്തേ? ഇത് കൂത്തുപറമ്പ് രക്തസാക്ഷിത്വം വിറ്റ് കാശാക്കലല്ലേ, വിശേഷിച്ചും ലക്ഷ്മിനായരും ജിഷ്ണു പ്രണോയിയും ഇടതുപക്ഷക്കാരാവുമ്പോള്‍? പെന്‍ഷന്‍ വര്‍ധിപ്പിച്ച് വീടുകളില്‍ എത്തിച്ചു എന്നതാണ് മറ്റൊരു അവകാശവാദം. സംഭവിച്ചത് എന്താണെന്ന് അനുഭവസ്ഥര്‍ക്കറിയാം. ഒരുതരത്തിലുള്ള വീണ്ടുവിചാരമോ തയ്യാറെടുപ്പോ മിഷണറിയോ കൂടാതെ നടപ്പാക്കിയ തുഗ്ലക് പരിഷ്‌കാരമായിരുന്നില്ലേ ഇത്? ആട്ടെ, കേരള സര്‍ക്കാരില്‍നിന്നും പെന്‍ഷന്‍ പറ്റിയവരുടെ കുടിശ്ശികയുടെ കാര്യം ശരിയാക്കിയോ? പുതിയ മിനിമം പെന്‍ഷനില്‍ 410 രൂപയുടെ കുറവാണ് വന്നത് എന്ന കാര്യം സര്‍ക്കാരിന് അജ്ഞാതമാണോ? തടസ്സപ്പെട്ടു കിടന്നിരുന്ന അടിസ്ഥാന സൗകര്യവികസനം (മെട്രോ, വിഴിഞ്ഞം... തുടങ്ങിയവ) ദ്രുതഗതിയില്‍ മുന്നോട്ടു പോകാന്‍ ശ്രമം ആരംഭിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. അതായത് പുതിയ പദ്ധതികളല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിയവ മുന്നോട്ടു നീക്കാന്‍ ശ്രമം ആരംഭിച്ചതേയുള്ളൂ എന്നര്‍ത്ഥം. മോദി സര്‍ക്കാരിന്റെ ബാനറില്‍ ഒരു വിജയനാട്യം അല്ലേ ഇത്? സ്വജനപക്ഷപാതം കയ്യോടെ പിടികൂടിയപ്പോള്‍ ഉറക്കം നടിച്ച സര്‍ക്കാര്‍ ജനരോഷം ഉയര്‍ന്നുപൊങ്ങിയപ്പോഴാണ് മന്ത്രിയുടെ രാജി വാങ്ങിച്ചത്. ലൈംഗിക അരാജകത്വം ഫോണ്‍ വഴി പ്രസരിച്ചപ്പോഴാണ് മറ്റൊരു മന്ത്രിക്ക് രാജിവച്ചൊഴിയേണ്ടിവന്നത്. പ്രസ്തുത രാജികള്‍ തന്റെ തിണ്ണമിടുക്കുകൊണ്ടാണെന്നാണ് മുഖ്യമന്ത്രി ഭംഗ്യന്തരേണ അവകാശപ്പെടുന്നത്. ലജ്ജാവഹം! ലോ അക്കാദമിയുടെയും നെഹ്‌റു കോളജിന്റെയും നിലപാടില്‍ മുടിയിഴയ്ക്ക് മാറ്റം വരുത്താന്‍ കഴിഞ്ഞോ? മുഖ്യമന്ത്രിയുടെ സമാധാനശ്രമം നിരന്തരം പരാജയമടയുമ്പോള്‍ പൊതുജന സുരക്ഷ ആര് നല്‍കും? എനിക്ക് ഉപദേഷ്ടാവ് വേണ്ട എന്ന് ഉപദേഷ്ടാക്കളാല്‍ വീര്‍പ്പുമുട്ടുന്ന മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കാന്‍ മാത്രം ഒരു മന്ത്രി വളര്‍ന്നു എന്നതാണ് ശ്രദ്ധേയം. കോടതിയില്‍ ചീഫ് സെക്രട്ടറി മാപ്പ്, മാപ്പ് എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി നിയമസഭയുടെ പ്രത്യേക പരിരക്ഷയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പ്രസ്താവിക്കുകയാണ് ചെയ്തത്. ഇതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ഇങ്ങനെയും അടി വാങ്ങിക്കാമെന്ന് പറയുന്ന അയ്യപ്പ ബൈജുവിന്റെ സത്യസന്ധതപോലും ഇല്ലാത്ത സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. 2016 മെയ് 15 ഞായറാഴ്ചയിലെ 'ദേശാഭിമാനി' വാരാന്തപ്പതിപ്പ് കാണുക. അതില്‍ എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫ് മുപ്പത് ഉറപ്പുകള്‍ നല്‍കുന്നു. ഒരെണ്ണത്തിനെങ്കിലും നല്ല രീതിയില്‍ തുടക്കം കുറിച്ചോ? പേജ് രണ്ടില്‍ ''തുടച്ചു നീക്കാം മാഫിയ ഭരണം'' എന്ന തലക്കെട്ടില്‍ പന്ത്രണ്ട് അഴിമതികള്‍ യുഡിഎഫ് ഭരണം ചെയ്തതായി അക്കമിട്ട് നിരത്തുന്നു. ഒരുവര്‍ഷമായില്ലേ എന്ത് നടപടി എടുത്തു? മൂന്നാം പേജില്‍ ''അശാന്തി കേരളം എത്ര അകലെ?'' ശരിയാക്കിയത് ഈ തലക്കെട്ട് മാത്രം. ശരാശരി ഒരു കൊലപാതകമാണല്ലോ ദിവസേന ഈ ഭരണം വന്നശേഷം കേരളത്തില്‍ അരങ്ങേറിയത്. പെണ്ണിന് മാനം വേണമെങ്കില്‍ കത്തി എടുത്തോളാനാണ് പരോക്ഷമായ ആഹ്വാനം. തെരുവ് പട്ടികളുടെ കടിയേറ്റ് മരിക്കുന്ന മനഷ്യര്‍ക്ക്, കേരളത്തില്‍, തെരുവ് പട്ടിയുടെ പരിഗണനപോലും ലഭിക്കുന്നുണ്ടോ? മൃഗബലിയും അനധികൃത അറവുശാലകളും നിലച്ചാല്‍ മാത്രമേ തെരുവ് പട്ടികളില്‍നിന്നും മലയാളിക്ക് രക്ഷയുള്ളൂ. 91 എംഎല്‍എമാരില്‍ 90 പേരുടെ ഉറപ്പായ പിന്തുണയും (വിഎസിനെ ഒഴിച്ചുനിര്‍ത്തുക) പുറമേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പിന്തുണയുണ്ടായിട്ടും എന്തേ ഈ സര്‍ക്കാര്‍ ഇങ്ങനെ? കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിയമിച്ച അതേ ഉദ്യോഗസ്ഥന്മാരെ വച്ചാണ് ഭരണം നിര്‍വഹിക്കുന്നത്. കേരള മുഖ്യന്‍ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റിയിട്ടും, വലിയൊരു ഉപദേശകവൃന്ദത്തെ പോറ്റി വളര്‍ത്തിയിട്ടും എന്തേ ഭരണം ഇങ്ങനെ? ഉദ്യോഗസ്ഥരെ ആരേയും മാറ്റാതെ മോദി തന്റെ സ്വപ്‌നപദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കുന്നു. കേരള മുഖ്യനോ? നേരെ ചൊവ്വേ ഒരു ഡയറിപോലും ഇറക്കാന്‍ കഴിവില്ലാത്തവരായി ഭരണക്കാര്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വിളിച്ച പഴയ മുദ്രാവാക്യമുണ്ട്. ''ഇന്ദിരാഗാന്ധി പെണ്ണല്ലേ നാടു ഭരിക്കാനറിയില്ലെങ്കില്‍ ഞാറ് പറിക്കാന്‍ പൊയ്ക്കൂടെ'' ഇന്ന് കേരള ഭരണക്കാര്‍ക്ക് ഈ മുദ്രാവാക്യം നല്ലവണ്ണം ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.