മെട്രോ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സില്ല

Wednesday 21 June 2017 9:18 pm IST

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ അപകടം പറ്റിയാല്‍ സ്വന്തം ചെലവില്‍ ചികിത്സിക്കേണ്ടി വരും. മെട്രോ യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. മെട്രോ ട്രെയിന്‍, സിഗ്നല്‍ സംവിധാനം, സാങ്കേതിക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് മാത്രമാണ് ഇന്‍ഷുറന്‍സുള്ളത്. ക്യൂആര്‍ കോഡ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്കാണ് കെഎംആര്‍എല്‍ നടപടി തിരിച്ചടിയാകുക. എന്നാല്‍, കൊച്ചി വണ്‍ കാര്‍ഡ് എടുത്ത് യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാര്‍ഡ് പുറത്തിറക്കിയ ആക്‌സിസ് ബാങ്കാണ് ഈ ഇന്‍ഷുറന്‍സ് നല്‍കുന്നത്. കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് യാത്രാ ഇളവ് കിട്ടുന്നതിന് പുറമെയാണ് ഇന്‍ഷുറന്‍സ്. സ്ഥിരമായി മെട്രോയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് മാത്രമാണ് കൊച്ചി വണ്‍ കാര്‍ഡിന്റെ പ്രയോജനം. ഒരു തവണ കാര്‍ഡ് എടുത്താല്‍, തീരുന്ന മുറയ്ക്ക് റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണിത്. എന്നാല്‍, മാസത്തില്‍ മൂന്നോ നാലോ തവണ മാത്രം മെട്രോയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് കാര്‍ഡിന്റെ ആവശ്യം വരില്ല. ഇവര്‍ക്കാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ യാത്ര ചെയ്യേണ്ടി വരിക. അതേസമയം മറ്റു മെട്രോകളിലും യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സില്ലെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ റെയില്‍വേ അടുത്തിടെയാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. ടിക്കറ്റ് എടുക്കുന്ന സമയത്ത് ഇന്‍ഷുറന്‍സ് ആവശ്യമെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന് മാത്രം. ഇതേ മാതൃകയില്‍ കൊച്ചി മെട്രോയിലും ഇന്‍ഷുറന്‍സ് പരീക്ഷിക്കാമെന്നാണ് വിദഗ്ധാഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.