വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പിനൊരുങ്ങി മാങ്കുളം

Wednesday 21 June 2017 9:33 pm IST

  അടിമാലി : വിനോദ സഞ്ചാര മേഖലയില്‍ കുതിപ്പിനൊരുങ്ങി മാങ്കുളം ഗ്രാമപഞ്ചായത്ത്. ഗ്രീന്‍ ഇന്ത്യാ മിഷന്‍ പദ്ധതി പ്രകാരം മാങ്കുളം ഫോറസ്റ്റ് ഡിവിഷനില്‍ പഞ്ചായത്തിന്റെ സമഗ്ര വികസനവും പ്രദേശവാസികളുടെ തൊഴില്‍ ലഭ്യതയും കണക്കാക്കിയുള്ള ഇക്കോ ടൂറിസം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. പരിപാടികളുടെ ഉദ്ഘാടനം 26ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. കൈനഗിരി വെള്ളച്ചാട്ടത്തിനരികെയും ആനക്കുളത്തും റിസപ്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മാങ്കുളത്തെത്തുന്ന സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കാനായി കൈനഗിരി ജംഗിള്‍ ട്രാവലേഴ്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. വനവാസി നൃത്തരൂപങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഹെറിറ്റേജ് ഷെഡും നക്ഷത്രക്കുത്ത് വെള്ളച്ചാട്ടത്തിന്റെ പ്രകൃതി മനോഹാരിത സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കാനായി മാളുങ്കം വിഎസ്എസുമായി കൈ കോര്‍ത്ത് പ്രവേശന ഗ്യാലറിയും നിര്‍മ്മിക്കും. കൂടാതെ ഇക്കോഷോപ്പ് കെട്ടിടം, മിനി തീയേറ്റര്‍ എന്നിവയും മാങ്കുളത്തിന്റെ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും പിന്‍ബലം നല്‍കും. വിരിപാറ,ആനക്കുളം പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന നക്ഷത്ര വനവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറും. ഉദ്ഘാടന ചടങ്ങില്‍ മാങ്കുളം വനം ഡിവിഷന്‍ തയ്യാറാക്കിയ ബ്രൗഷര്‍ പ്രകാശനം ചെയ്യും. മാങ്കുളം നേച്ചര്‍ അപ്രിസിയേഷന്‍ സെന്ററിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും നടക്കും. മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന മലയോര ഗ്രാമമായ മാങ്കുളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന പരിപാടികള്‍ക്കാണ് വനംമന്ത്രി തുടക്കം കുറിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.