പനി മരണ നിരക്ക് കുറഞ്ഞെന്ന വാദവുമായി മന്ത്രി; മൂന്നുദിവസത്തെ ശുചീകരണയജ്ഞം

Wednesday 21 June 2017 9:35 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 27, 28, 29 തീയതികളില്‍ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പനി നിയന്ത്രണ വിധേയമാണെന്നും പനി മരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നുമുള്ള വാദവും മന്ത്രി ഉന്നയിച്ചു. മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ പനി വാര്‍ഡും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. പനിക്കാരുടെ എണ്ണം കൂടിയതോടെ ചില ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തേണ്ട സാഹചര്യം ഉണ്ടായി എന്നത് വാസ്തവമാണ്. 100 രോഗികളെ ചികിത്സിക്കേണ്ട സ്ഥാനത്താണ് ആശുപത്രികളില്‍ 600 പേരെ ചികിത്സിക്കേണ്ടി വന്നത്. 1961ലെ സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിലുള്ളത്. സര്‍ക്കാര്‍ 3100 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കാണ് അതില്‍ 1399 തസ്തികകളും നല്‍കിയത്. ബാക്കിയുള്ളവ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതലുള്ള ആശുപത്രികള്‍ക്ക് നല്‍കിയെന്ന് മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍എംഒ ഡോ.മോഹന്‍ റോയ്, ആശുപത്രി വികസന സമിതി അംഗം ഡി.ആര്‍.അനില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.