ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ്; ശ്രീകാന്ത്, പ്രണീത്, സൈന, സിന്ധു മുന്നോട്ട്

Wednesday 21 June 2017 9:53 pm IST

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. കഴിഞ്ഞ ദിവസം ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസില്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ കെ. ശ്രീകാന്ത്, മുന്‍നിര താരങ്ങളായ സായ് പ്രണീത്, വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍, പി.വി. സിന്ധു എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം അജയ് ജയറാം, പി. കശ്യപ്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനീസ് തായ്‌പേയിയുടെ കാന്‍ ചൊ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-13, 21-16. രണ്ടാം റൗണ്ടില്‍ ഒന്നാം സീഡ് ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹുവാണ് ശ്രീകാന്തിന്റെ എതിരാളി. ഇന്ത്യയുടെ പി. കശ്യപിനെ കീഴടക്കിയാണ് ദക്ഷിണ കൊറിയന്‍ താരത്തിന്റെ മുന്നേറ്റം. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-18, 14-21, 21-15 എന്ന സ്‌കോറിനായിരുന്നു കശ്യപ് തോല്‍വി വഴങ്ങിയത്. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോവിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സായ് പ്രണീത് അടുത്ത റൗണ്ടിലേക്ക് എത്തിയത്. സ്‌കോര്‍: 10-21, 21-12, 21-10. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് സായ് വിജയം നേടിയത്. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനോടാണ് എച്ച്.എസ്. പ്രണോയ് പരാജയപ്പെട്ടത്. 21-19, 21-13 എന്ന സ്‌കോറിനായിരുന്നു രാജീവ് ഔസേഫിന്റെ വിജയം. വനിതാ സിംഗിള്‍സില്‍ നാലാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് സൈന രണ്ടാം റൗണ്ടിലെത്തിയത്. 38 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-10, 21-16 എന്ന ക്രമത്തിലായിരുന്നു സൈന ജയിച്ചത്. അഞ്ചാം സീഡ് പി.വി. സിന്ധു ജപ്പാന്റെ സയാക സാറ്റോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-17, 14-21, 21-18 എന്ന സ്‌കോറിനാണ് സിന്ധു വിജയം നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.