കോണ്‍ഫെഡറേഷന്‍ കപ്പ് ജര്‍മ്മനി-ചിലി നേര്‍ക്കുനേര്‍

Wednesday 21 June 2017 9:59 pm IST

മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പ് ബിയില്‍ സെമിഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും ഏറ്റുമുട്ടാനിറങ്ങുന്നു. ഇതില്‍ വിജയിക്കുന്നവര്‍ സെമിഫൈനലിലേക്ക് മുന്നേറും. മറ്റൊരു മത്സരത്തില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഓസ്‌ടേലിയയും കാമറൂണും കളിക്കാനിറങ്ങും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. ചിലി ആഫ്രിക്കന്‍ ചാമ്പ്യന്മാരായ കാമറൂണിനെ 2-0ന് പരാജയപ്പെടുത്തിയപ്പോള്‍ ജര്‍മ്മനി ഏഷ്യന്‍ ജേതാക്കളായ ഓസ്‌ട്രേലിയയുടെ കനത്ത വെല്ലുവിളി മറികടന്നാണ് ജയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. യുവത്വത്തിന് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ജര്‍മ്മന്‍ കോച്ച് ജോക്വിം ലോ ടൂര്‍ണമെന്റിനെത്തിച്ചിട്ടുള്ളത്. ശരാശരി 24 വയസ്സാണ് കളിക്കാരുടെ പ്രായം. ഷ്‌കോഡ്രാന്‍ മുസ്താഫി, ജോനാസ് ഹെക്ടര്‍, ക്യാപ്റ്റന്‍ ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ജോഷ്വ കിമ്മിച്ച് എന്നിവരാണ് ടീമിലെ പ്രമുഖര്‍. യുവതാരങ്ങളുമായി എത്തി ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജര്‍മ്മന്‍ കോച്ച് ജോക്വിം ലോ. അതേസമയം ചിലി ടൂര്‍ണമെന്റിനെത്തിയത് സമ്പൂര്‍ണ്ണ ടീമുമായാണ്. സൂപ്പര്‍താരങ്ങളായ അലക്‌സി സാഞ്ചസ്, എഡ്വേര്‍ഡോ വര്‍ഗാസ്, അര്‍ടുറോ വിദാല്‍, ചാള്‍സ് അരാന്‍ഗ്വിസ്, മാഴ്‌സെലോ ഡയസ്, ഗൊണ്‍സാലോ യാറ, ഗാരി മെഡല്‍ തുടങ്ങിയവര്‍ക്കൊപ്പം ക്യാപ്റ്റനും ഒന്നാം നമ്പര്‍ ഗോളിയുമായ ക്ലോഡിയോ ബ്രാവോയും ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടത്തില്‍ ജര്‍മ്മന്‍ യുവനിരയെ കീഴടക്കാമെന്ന പ്രത്യാശയിലാണ് ചിലി സംഘം. ഇരുടീമുകളും തമ്മില്‍ എട്ടാം തവണയാണ് ഏറ്റുമുട്ടാനിങ്ങുന്നത്. മുന്‍പ് കളിച്ച ഏഴില്‍ അഞ്ചെണ്ണത്തിലും ജയം ജര്‍മ്മനിക്കൊപ്പമായിരുന്നു. ചിലിക്ക് ജയിക്കാനായത് രണ്ടില്‍ മാത്രം. 2014 മാര്‍ച്ചിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് നടന്ന സൗഹൃദ മത്സരത്തില്‍ ജര്‍മ്മനി 1-0ന്റെ വിജയം നേടി. ഓസ്‌ട്രേലിയ-കാമറൂണ്‍ പോരാട്ടം ഏറെക്കുറെ തുല്യശക്തികളുടേതായിരിക്കും. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. അതിനാല്‍ വാശിയേറിയ പോരാട്ടമായിരിക്കും അരങ്ങേറുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.