മതേതര യോഗ; മുഖ്യമന്ത്രിക്ക് മറുപടിയുമായി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Wednesday 21 June 2017 10:24 pm IST

കണ്ണൂര്‍: യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. യോഗ ഒരു ശാസ്ത്രമാണ്. ഭാരതീയ ആചാര്യന്‍മാര്‍ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാര്‍ക്കു മാത്രമുള്ളതോ ഹിന്ദുക്കള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോയെന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ സുരേന്ദ്രന്‍ ചോദിച്ചു. മതേതര നിലപാട് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഭരണനിര്‍വഹണത്തിലുമാണ് പുലര്‍ത്തേണ്ടത്. ഇങ്ങനെ പോയാല്‍ നാളെ മതേതര തക്കാളി, മതേതര വെണ്ടയ്ക്ക എന്നൊക്കെ പറയേണ്ടി വരില്ലേയെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. സത്യത്തില്‍ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? മതേതര കരാട്ടെയുണ്ടോ, മതേതര റെയ്കിയുണ്ടോ, മതേതര ആയുര്‍വേദമുണ്ടോ, മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരംതിരിക്കുന്നതെന്നും പോസ്റ്റില്‍ സുരേന്ദ്രന്‍ ചോദിച്ചു. യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നുണ്ടെന്നും മതവുമായി യോഗയെ ബന്ധിപ്പിക്കുന്നതിനുള്ള നീക്കത്തെ ചെറുക്കണമെന്നും ഇന്നലെ യോഗാദിനാചരണ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിപിഎമ്മിന്റെ യോഗാ പരിശീലനം കളരിയുമായി ചേര്‍ത്ത് പുതിയ ആയോധന കലക്ക് രൂപംകൊടുക്കുന്നതായുള്ള വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. https://www.facebook.com/KSurendranOfficial/posts/1396309620453670

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.