മൂന്നു പനി മരണം കൂടി; 138 പേര്‍ക്ക് ഡെങ്കി

Wednesday 21 June 2017 10:26 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മൂന്നു പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി മുഹമ്മദ് സാദിഖ്, നെയ്യാറ്റിന്‍കര പഴകട സ്വദേശി അഭി എല്‍. ലാക്ഷന്‍ (14), എറണാകുളം കാലടി സ്വദേശി സുബൈറ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. പതിനാലു വയസുകാരനായ അഭി എല്‍. ലാക്ഷനും മുഹമ്മദും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 179 ആയി. സംസ്ഥാനത്ത് ഇന്നലെ പനിക്ക് മാത്രം ചികിത്സ തേടിയത് 24,318 പേരാണ്. ഏറ്റവും കൂടുതല്‍ പനിബാധിതര്‍ തലസ്ഥാനത്താണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 3815 പേര്‍ തിരുവനന്തപുരത്ത് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഏറ്റവും കുറവ് പനി ബാധിതര്‍ ഇടുക്കിയിലാണ്. 729 പേര്‍ മാത്രമാണ് ഇവിടെ ചികിത്സ തേടിയത്. ഡെങ്കിപ്പനി രോഗ ലക്ഷണവുമായി ഇന്നലെ സംസ്ഥാനത്ത് 795 പേര്‍ ചികിത്സ തേടിയെത്തി. ഇവരില്‍ 138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൂടുതല്‍ ഡെങ്കിപ്പനി സ്ഥീരികരിച്ചത്. രോഗ ലക്ഷണവുമായി എത്തിയ 328 പേരില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ ചികിത്സ തേടിയെത്തിയവരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു പേര്‍ക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു. എട്ടു പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എറണാകുളം ജില്ലയില്‍ അഞ്ചു പേരില്‍ രോഗം കണ്ടെത്തി. മലപ്പുറത്ത് രണ്ടു പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടില്‍ ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.