നിലപാടു കടുപ്പിച്ച് സിപിഐ; ശ്രീറാം വെങ്കിട്ടരാമനെ മാറ്റേണ്ടതില്ല

Wednesday 21 June 2017 10:40 pm IST

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ വീണ്ടും നിലപാട് കടുപ്പിച്ച് സിപിഐ. കയ്യേറ്റക്കാരന്റെ പരാതിയിന്മേല്‍ ഉന്നതതലയോഗം വിളിക്കുന്നതിനെ ശക്തമായി എതിര്‍ത്ത സിപിഐ കയ്യേറ്റം എന്തുവിലകൊടുത്തും ഒഴിപ്പിച്ചേ പറ്റൂ എന്നും വ്യക്തമാക്കി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് നിലപാട് വ്യക്തമാക്കിയത്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന മന്ത്രി എം.എം. മണി അടക്കമുള്ള സിപിഎം നേതാക്കളുടെ ആവശ്യവും മന്ത്രി തള്ളി. മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അയച്ച കത്തിലാണ് കയ്യേറ്റക്കാരന്റെ ആവശ്യപ്രകാരം ഉന്നതതലയോഗം വിളിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടത്. യോഗം വിളിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഭൂമി കയ്യേറിയ വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗം വിളിക്കുന്നത് ശരിയല്ല. റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്നും ശ്രീറാം വെങ്കിട്ടരാമന്റെ നടപടികളെ ന്യായീകരിച്ച് ചന്ദ്രശേഖരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപത്തുള്ള 22 സെന്റ് സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ നടപടി സ്വീകരിച്ചതിനെതിരെയാണ് കയ്യേറ്റക്കാരന്‍ പരാതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ റവന്യൂമന്ത്രിക്ക് കത്തു നല്കിയത്. പോലീസ് സ്റ്റേഷന്‍ പരിസരത്തെ ഭൂമി കയ്യേറിയതാണെന്ന് റവന്യൂവകുപ്പിന് വ്യക്തമായിട്ടുണ്ടെന്ന മറുപടിയാണ് മന്ത്രി നല്കിയത്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ വക്കാലത്തുണ്ടെന്നത് വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. ജൂലൈ ഒന്നിന് യോഗം വിളിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന തീരുമാനം സബ് കളക്ടര്‍ ലംഘിച്ചെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.