ജനകീയ മെട്രോ യാത്ര: മാപ്പ് പറഞ്ഞ് യുഡിഎഫ്

Thursday 22 June 2017 12:01 pm IST

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനകീയ യാത്രയില്‍ ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ്. മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ യുഡിഎഫ് നേതാക്കളെ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആര്‍എല്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യാത്രയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയെന്നും അതാണ് മെട്രോ സ്റ്റേഷനിലും ട്രെയിനിലും അനിയന്ത്രിതമായ തിരക്കുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ഇതില്‍ ചില യാത്രക്കാര്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. മെട്രോ ട്രെയിനിലെയും സ്റ്റേഷനിലെയും വസ്തുക്കള്‍ക്ക് ആരും കേട് വരുത്തിയിട്ടില്ല. കൊച്ചി മെട്രോയെ സ്വന്തം കുഞ്ഞുപോലെയാണ് കരുതുന്നതെന്നും അതിന് മുറിവേല്‍ക്കുന്ന ഒരു നടപടിയുമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജനകീയ മെട്രോ യാത്രയിലുണ്ടായ സംഭവങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കെഎംആര്‍എല്‍ ഉത്തരവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ചു മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനം കേടു വരുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം കെഎംആര്‍എല്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.