സിപിഎമ്മിലെ വിഭാഗീയത; സ്‌കൂള്‍ പരിപാടി മന്ത്രി ബഹിഷ്‌കരിച്ചു

Thursday 22 June 2017 12:56 pm IST

കുന്നത്തൂര്‍: സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് സ്‌കൂളിന്റെ നവതിയാഘോഷ ചടങ്ങില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിസി.രവീന്ദ്രനാഥ് വിട്ടുനിന്നതായി ആക്ഷേപം. മുതുപിലാക്കാട് ഗവ.എല്‍വി എല്‍പിഎസിന്റെ ഒരു വര്‍ഷത്തെ നവതിയാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം തിങ്കളാഴ്ചയായിരുന്നു. വിദ്യാഭ്യാസമന്ത്രിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യാര്‍ത്ഥം ഉദ്ഘാടന പരിപാടി ഈ ദിവസം നിശ്ചയിച്ചത്. വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിയത്. വന്‍പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. പരിപാടിയുടെ വിജയത്തിനായി പിടിഎയും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സജീവമായി രംഗത്തിറങ്ങി. 450 കുരുന്നുകള്‍ മന്ത്രിയ്ക്കായി മണിക്കൂറുകളോളം കാത്തിരുന്നു. എന്നാല്‍ ഉദ്ഘാടന സമയം 12 മണിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിയായപ്പോള്‍ മാത്രമാണ് മന്ത്രി എത്തില്ല എന്ന അറിയിപ്പ് സംഘാടകര്‍ക്ക് ലഭിച്ചത്. ഇതോടെ എല്ലാ ഒരുക്കങ്ങളും വെറുതെയായി. ഒടുവില്‍ പൊലിമ നഷ്ടപ്പെട്ട പരിപാടി നാട്ടുകാരനായ രാജ്യസഭാംഗം ഉദ്ഘാടനം ചെയ്യേണ്ടി വന്നു. സിപിഎമ്മിലെ വിഎസ്, പിണറായി പക്ഷക്കാരുടെ വിഭാഗീയതയുടെ ഫലമായാണ് മന്ത്രി പരിപാടി ഉപേക്ഷിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ആഘോഷ കമ്മിറ്റി കണ്‍വീനറായ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഏരിയ സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് സൂചന. വിഎസ് പക്ഷക്കാരനായ പഞ്ചായത്ത് പ്രസിഡന്‍ കണ്‍വീനറായ പരിപാടിക്ക് പിണറായി പക്ഷക്കാരനായ ഏരിയ സെക്രട്ടറിയേ പ്രത്യേകം ക്ഷണിക്കാത്തതും പ്രശ്‌നത്തിന് കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.