2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് യുഎന്‍

Thursday 22 June 2017 5:14 pm IST

ന്യൂദല്‍ഹി: 2024ഓടെ ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെന്നുമെന്ന് യു.എന്‍. ഐക്യ രാഷ്ട്രസഭ സാമ്പത്തിക സാമൂഹിക വിഭാഗം പുറത്തവിട്ട വാര്‍ഷിക ജനസംഖ്യാ സര്‍വേയിലെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.മുന്‍പ് പ്രവചിച്ചതിനെക്കാള്‍ രണ്ട് വര്‍ഷത്തിനു ശേഷമായിരിക്കും ഇന്ത്യയുടെ ജനസംഖ്യ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തുക. ലോക ജനസംഖ്യയിപ്പോള്‍ 760 കോടിയാണ്. 2030ഓടുകൂടി ജനസംഖ്യ 150 കോടിയിലെത്തുമെന്നും യു.എന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചൈനയുടെ ജനസംഖ്യ നൂറ്റിനാല്‍പ്പത്തൊന്ന് കോടിയും ഇന്ത്യയുടേത് നൂറ്റിമുപ്പത്തിനാല് കോടിയുമാണെന്നാണ് ഇന്ന് ഐക്യ രാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക വിഭാഗം പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. 2024ല്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് 144 കോടിയിലെത്തുമെന്നും ക്രമേണ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കില്‍ സൂചിപ്പിക്കുന്നത്. 2030വരെ വളര്‍ച്ചാ നിരക്ക് ഇതുപോലെ തുടരുമെങ്കിലും പിന്നീട് ചെറിയതോതില്‍ കുറയും. എങ്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയിലെ ജനസംഖ്യയും ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ജനസംഖ്യാ നിരക്ക് താഴുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ, നൈജീരിയ, കോംഗോ. പാക്കിസ്ഥാന്‍, എത്തിയോപ്യ, താന്‍സാനിയ, യുണൈറ്റഡ് നേഷന്‍സ്, ഉഗാണ്ട, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ജനസംഖ്യ നിരക്ക് ക്രമാതീതമായി ഉയരുന്നത്. കൂടാതെ 26 ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ജനസംഖ്യ നിരക്ക് ഇരട്ടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.