യോഗയെ അറിയാത്ത കൂപമണ്ഡൂകങ്ങള്‍

Friday 23 June 2017 8:17 am IST

യോഗയെ മതത്തിന്റെ ഭാഗമാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അന്താരാഷ്ട്രയോഗാ ദിനാചരണത്തിലെ ഏറ്റവും നിഷേധാത്മകമായ ഒന്നായിരുന്നു. ലോകമെങ്ങും യോഗയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോഴാണ് കേരളത്തിന്റെ മുഖ്യമന്ത്രി ദുര്‍മുഖം കാട്ടിയത്. ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി യോഗ മാറുകയാണെന്ന ഭാവാത്മകവും വിശാലവുമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്‌നൗവില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മുന്നോട്ടുവച്ചതും ഇതേ ദിനംതന്നെയാണ്. രണ്ടു ഭരണധാകാരികളുടെയും മാനസികാവസ്ഥയും മനോവിചാരങ്ങളുമാണ് രണ്ടു പ്രസംഗങ്ങളിലും പ്രതിധ്വനിച്ചത്. ഭരണാധികാരികള്‍ ഭാവാത്മകമായി ചിന്തിക്കുന്നവരല്ലെങ്കില്‍ അവരുടെ പ്രസംഗങ്ങളിലും പ്രവൃത്തികളിലും കാപട്യം കടന്നുവരിക സ്വാഭാവികമാണ്. അതാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചില സൂക്തങ്ങളൊക്കെ ചൊല്ലുന്നത്. യോഗയെന്നത് വെറും വ്യായാമ മുറ മാത്രമാണ്. പിണറായി വിജയന്റെ പ്രസംഗം ഇപ്രകാരമായിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച വിശിഷ്ട വ്യക്തികള്‍ യോഗാഭ്യാസങ്ങളില്‍ പങ്കെടുത്തപ്പോള്‍ വെറും വാചകക്കസര്‍ത്തു മാത്രമായി ചുരുങ്ങി പിണറായിയുടെ യോഗാഭ്യാസ പരിപാടികള്‍. യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകാതെ വെറും കാഴ്ചക്കാരന്‍ മാത്രമാവുന്ന ഒരാള്‍ക്ക് എങ്ങനെ യോഗയുടെ പ്രയോജന ഫലങ്ങള്‍ തിരിച്ചറിയാനാവും. ആര്‍ക്കെങ്കിലും പറഞ്ഞു മനസ്സിലാക്കാനാവുന്നതല്ലല്ലോ യോഗ. നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്കെങ്ങനെ ക്രിയാത്മക ശക്തി നല്‍കുന്ന യോഗയെപ്പറ്റി പ്രസംഗിക്കാനാവുമെന്ന് മനസ്സിലാകുന്നില്ല. യോഗ അഭ്യസിക്കുന്നവര്‍ക്കിടയില്‍ തിരിഞ്ഞിരുന്നു പെരുമാറിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയില്‍നിന്ന് ഇടതുസര്‍ക്കാര്‍ ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്ന് പിണറായിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തം. ലോകം വളരെയധികം മാറുകയാണ്. ലോകത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ വരെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നു. ചൈനയിലെ വന്‍മതിലിലും ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യോഗ ദിനാചരണം അരങ്ങേറുന്ന കാലത്താണ് ജീവിക്കുന്നതെന്ന ബോധം പിണറായിയെപ്പോലുള്ളവര്‍ക്ക് ഉണ്ടാകേണ്ടതാണ്. 2015ല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതോടെയാണ് വലിയ മാറ്റത്തിന് തുടക്കമായത്. ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയതും യോഗയുടെ പ്രചാരണം ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കാന്‍ സഹായകമായി. 2014 ഡിസംബറില്‍ ഐക്യരാഷ്ട്രസഭയിലെ പൊതുസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജിയാണ് അന്താരാഷ്ട്ര യോഗ ദിനാചരണം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ലോകത്തിലെ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയായിരുന്നു. ഇത്തരത്തിലുള്ള പ്രമേയത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന വോട്ടായിരുന്നു അത്. ലോകമെങ്ങുമുള്ള ഇന്ത്യന്‍ എംബസികളുടെയും ഐക്യരാഷ്ട്രസഭയുടേയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ യോഗ ദിനാചരണ പരിപാടികള്‍ ആരംഭിച്ചതോടെ യോഗ സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെടുകയായിരുന്നു. യോഗയ്ക്ക് മതമില്ലെന്നും മതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് ചിലര്‍ ചെയ്യുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന എത്രത്തോളം ബാലിശമാണെന്ന് തിരിച്ചറിയേണ്ടത് ഈ സാര്‍വ്വദേശീയ അംഗീകാരങ്ങളുടെ പശ്ചാത്തലത്തിലാണ്. നമ്മുടെ നാടിന്റെ പാരമ്പര്യവും ഭാഷയും സംസ്‌ക്കാരവും അറിയാത്ത രാജ്യങ്ങള്‍വരെ യോഗയിലൂടെ ഭാരതത്തെ അറിയുകയാണെന്ന വിശാല കാഴ്ചപ്പാടാണ് മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ചത്. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധിപ്പിക്കുന്ന യോഗാഭ്യാസങ്ങള്‍ ലോകത്തെ മുഴുവനും ഒരുമിപ്പിക്കാനുള്ള ശക്തിയായി തീരുകയാണെന്ന സന്ദേശം മോദി മുന്നോട്ടുവെയ്ക്കുമ്പോള്‍, തികച്ചും വര്‍ഗ്ഗീയവും സങ്കുചിതവുമായ നിലപാട് പിണറായി സ്വീകരിച്ചത് അപലപനീയമാണ്. യോഗയെ ശാരീരിക വ്യായാമമായി കാണുന്നതിലുപരി അതിനെ മാനസിക വ്യായാമമായി കാണേണ്ടതാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇവിടെയാണ് യോഗയെന്നത് വെറും വ്യായാമ മുറ മാത്രമാണെന്ന് പിണറായിയുടെ പ്രസംഗത്തിലെ അപകടവും. യോഗ എന്താണെന്ന് മനസ്സിലാക്കാത്ത, ഒരിക്കലും അത് അഭ്യസിക്കാത്ത ഒരാള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് ഔചിത്യം. ഇത്തവണ 176 ലോക രാജ്യങ്ങള്‍ യോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചെന്നാണ് ഐക്യരാഷ്ട്ര സംഘടന അറിയിച്ചിരിക്കുന്നത്. വെറും വ്യായാമ മുറ മാത്രമായല്ല ലോകം യോഗയെ കാണുന്നത് എന്നതിന് ഇതില്‍പ്പരം തെളിവെന്തിന്? സങ്കുചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ലോകം മാറുന്നത് തിരിച്ചറിയാനാവില്ലല്ലോ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.