വിദ്യാഭ്യാസ ഓഫീസ് സമുച്ചയം : നിര്‍മ്മാണം വൈകുന്നു

Thursday 22 June 2017 9:12 pm IST

പാലക്കാട്: നഗരത്തിലെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവര്‍ത്തനം വ്യത്യസ്ത ഇടങ്ങളിലായത് ആയിരക്കണക്കിന് അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ഒരുപോലെ വലക്കുന്നു. കോട്ടമൈതാനത്തിന് പടിഞ്ഞാറു വശത്ത് നഗരസഭ ടൗണ്‍ഹാളിന് തൊട്ടടുത്താണ് നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സിവില്‍ സ്റ്റേഷനിലും, എഇ ഓഫീസ് കൊപ്പത്തുമാണ് നിലവിലുള്ളത്. ഇത് മൂലം ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ അനുഭവിക്കുന്ന യാത്രാ ദുരിതം ഏറെയാണ്.ഇരു ചക്ര വാഹനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ എല്ലാ ഓഫീസികളിലും എത്തിപ്പെടാന്‍ കഴിയു. അല്ലെങ്കില്‍ ഓട്ടോയെ ആശ്രയിക്കേണ്ടിവരും.മൂന്ന് ഓഫീസുകളിലേക്കും എത്തുന്ന തരത്തില്‍ ടൗണ്‍ ബസുകള്‍ ഇല്ലെന്നതാണ് കാരണം. ഇവ ഒരു കെട്ടിടത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിഇ ഓഫീസ് താല്‍ക്കാലികമായി നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്.എന്നാല്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പണി എവിടെയുമെത്തിയില്ല.2011-12 ബജറ്റില്‍ 65.995 കോടി രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചത.് എന്നാല്‍ പഴയ കെട്ടിടം പൊളിച്ച് നീക്കുന്ന പണിപോലും ഇനിയും ആരംഭിച്ചിട്ടില്ല. കോട്ടക്ക് ചുറ്റുമുള്ള മുന്നൂറ് മീറ്റര്‍ സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ നവീകരിക്കുകയോ ചെയ്യണമെങ്കില്‍ പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഭരണപരമായ അനുമതി ലഭ്യമായിട്ടുണ്ടെന്ന് അറിയുന്നു. അതേസമയം സാങ്കേതികാനുമതി ലഭിച്ചിട്ടുമില്ല. ഇത് ലഭിച്ചാലുടന്‍ ടെന്‍ഡര്‍ വിളിച്ച് കെട്ടിട നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. താഴത്തെ നിലയില്‍ എഇ ഓഫീസും,രണ്ടാം നിലയില്‍ ഡിഇഒയുടെയും,മൂന്നാം നിലയില്‍ ഡിഡി ഓഫീസുമായാണ് ക്രമീകരിച്ചിട്ടുള്ളത്.നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ച് വര്‍ഷംമുമ്പ് അനുവദിച്ച തുകയുടെ ഇരട്ടിയെങ്കിലുമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.