തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ദേശീയ പതാകയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബ്രണ്ണന്‍ കോളജ് സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചീഫ് കെ.വി.സുധാകരന് ഉള്‍പ്പെടെ 13 പേര് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് 24ലേക്ക് മാറ്റി. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് 24ലേക്ക് മാറ്റിയത്. ഗവ. ബ്രണ്ണന്‍ കോളജിലെ അധ്യാപകനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് ധര്‍മടം പൊലീസ് കേസെടുത്തിരുന്നത്. സ്റ്റാഫ് എഡിറ്റര്‍ കെ.വി.സുധാകരന്. സ്റ്റുഡന്റ് എഡിറ്റര്‍ അതുല്‍ രാജ്, സഹീര്‍ ഖാലില്‍, കെ.അമല്‍, ഇ.കെ.അനുരാഗ്, അതുല്‍ ജോണ്‍സ്, വിപിന്‍, സിറില്‍ സബിയാന്‍, അനുശ്രീ, എന്‍.വി.അഹല്യ, കെ.വി.സിനാന്, സനന്ത്കുമാര്‍, അക്ഷയ് എന്നിവരാണ് മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയത്. എസ്എഫ്ഐ പ്രവര്ത്തകന് സ്റ്റുഡന്റ് എഡിറ്ററായി പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്. സിനിമാ തിയേറ്ററില്‍ കസേര വിട്ടെഴുന്നേല്ക്കുന്ന രാജ്യസ്നേഹം എന്ന കുറിപ്പോടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒഴിഞ്ഞ കസേരകള്‍ക്ക് പിന്നില്‍ സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായ കാര്‍ട്ടൂണാണ് വിവാദത്തിന് വഴിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: