നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഇരിട്ടി സ്വദേശി ഡെറിക് ജോസഫിന് ആറാം റാങ്ക്

Friday 23 June 2017 9:41 pm IST

ഇരിട്ടി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ആറാം റാങ്ക് നേടി ഇരിട്ടിയുടെ അഭിമാനമായി ഡെറിക് ജോസഫ്. ഇരിട്ടിക്കടുത്ത മാടത്തില്‍ പട്ടാരം സ്വദേശി സഹകരണ വകുപ്പ് അസി.ഡയറക്ടര്‍ മാമൂട്ടില്‍ എം.ഡി.ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് മലയോരത്തിന്റെ അഭിമാനമായി മാറിയ ഡെറിക് ജോസഫ്. ദേശീയ തലത്തിലും നിരവധി റാങ്കുകള്‍ ഈ മിടുക്കന്‍ ഇതിനിടെ നേടിയിരുന്നു. കെവിപിവൈ പരീക്ഷ, എയിംസ് പ്രവേശന പരീക്ഷ കളുള്‍പെടെയുള്ള പരീക്ഷകളില്‍ മികച്ച വിജയം ഇതിനുമുന്‍പ് ഡെറിക് നേടി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ശാസ്ത്ര വിഷയങ്ങളില്‍ അഭിരുചിയുള്ള യുവ പ്രതിഭകള്‍ക്ക് തുടര്‍ പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ദേശീയ തലത്തില്‍ നടത്തുന്ന മത്സര പരീക്ഷയായ കിഷോര്‍ വൈജ്ഞാനിക്‌പ്രോത്സാഹന്‍ യോജന (കെവിപിവൈ) യില്‍ ഒന്നാം റാങ്ക്‌നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ഈ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന പ്രഥമ വിദ്യാര്‍ഥിയെന്ന റെക്കാര്‍ഡും ഈ മിടുക്കന്‍ സ്വന്തമാക്കി. എംബിബിഎസ് പ്രവേശനത്തിനായി ഓള്‍ ഇന്ത്യഇന്‍സിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്്) നടത്തിയ പരീക്ഷയില്‍ പതിനാറാം റാങ്ക് നേടിയപ്പോള്‍ പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ആന്റ് റിസര്‍ച്ച് (ജിപ്മര്‍)എംബിബിഎസ് പ്രവേശന പരീക്ഷയില്‍ പതിനേഴാം റാങ്കും നേടി. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയത്തിലും എ വണ്ണോടെ സിബിഎസ്ഇ പത്താംക്ലാസും കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസുമായി ഹയര്‍ സെക്കന്‍ഡറിയും പൂര്‍ത്തിയാക്കി. പ്രത്യേക പരീശിലന കോഴ്‌സുകളിലൊന്നും ചേരാതെ ഹയര്‍ സെക്കന്‍ഡറി പഠനത്തിനൊപ്പം തയാറെടുപ്പ് നടത്തിയാണ് തിളക്കമാര്‍ന്ന വിജയം ഡെറിക് കൈപ്പിടിയില്‍ ഒതുക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഡേവിഡ് ജോസഫ്, രാജഗിരി എഞ്ചിനീയറിംഗ് കോളജ് ബിടെക് വിദ്യാര്‍ഥി ജെറാള്‍ഡ് ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.