സൈന, സിന്ധു പുറത്ത് ശ്രീകാന്ത് സെമിയില്‍

Friday 23 June 2017 9:16 pm IST

സിഡ്‌നി: ഓസ്—ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് സെമിയിലേക്ക് കുതിച്ചപ്പോള്‍ വനിതാ വിഭാഗത്തില്‍ സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍ പുറത്തായി.കെ. ശ്രീകാന്ത് മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീതിനെ തകര്‍ത്താണ് അവസാന നാലിലേക്ക് കുതിച്ചത്. 43 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 25-23, 21-17 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ ഗെയിമില്‍. പതിനൊന്ന് പോയിന്റ് വരെ സായ് പ്രണീതിനായിരുന്നു നേരിയ മുന്‍തൂക്കം. പിന്നീട് മികച്ച ഫോമിലേക്കുയര്‍ന്ന് തിരിച്ചടിച്ചാണ് ശ്രീകാന്ത് വിജയം നേടിയത്. രണ്ടാം ഗെയിമിലും ശ്രീകാന്തിന് തന്നെ മുന്‍തൂക്കം. തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് മുന്നേറിയ ശ്രീകാന്തിന് മുന്നില്‍ പ്രണീതിന് കാര്യമായൊന്നു പൊരുതാന്‍ പോലും കഴിഞ്ഞില്ല. ഈ വര്‍ഷം നടന്ന സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലില്‍ സായ് പ്രണീതിനോടേറ്റ തോല്‍വിക്കുള്ള പ്രതികാരം കൂടിയായി ശ്രീകാന്തിന് ഇത്. ചൈനയുടെ നാലാം സീഡ് ഷി യുക്കിയോയാണ് സെമിയില്‍ ശ്രീകാന്തിന്റെ എതിരാളി. ഈ സീസണിലെ ശ്രീകാന്തിന്റെ മൂന്നാമത്തെ സെമിഫൈനല്‍ പോരാട്ടമാണിത്. നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ വിജയിയായ ശ്രീകാന്ത് സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണറപ്പായിരുന്നു.അതേസമയം സൈന നെഹ്‌വാള്‍, പി.വി. സിന്ധു എന്നിവരുടെ മുന്നേറ്റം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനും ആറാം സീഡുമായ ചൈനീസ് താരം സണ്‍ യുവാണ് സൈനയെ പരാജയപ്പെടുത്തിയത്. ഒരു മണിക്കുറും 18 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 21-17, 10-21, 21-17 എന്ന സ്‌കോറിനാണ് സൈന കീഴടങ്ങിയത്.ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗിനോട് ക്വാര്‍ട്ടറില്‍—തോറ്റാണ് സിന്ധു പുറത്തായത്. സ്‌കോര്‍: 10-21, 22-20, 21-16. മത്സരം ഒരു മണിക്കൂറും ഒരുമിനിറ്റും നീണ്ടുനിന്നു. ആദ്യ ഗെയിം നേടിയശേഷമാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.