പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംബേദ്ക്കര്‍ കോളനിയില്‍

Friday 23 June 2017 9:16 pm IST

പാലക്കാട് : സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംബേദ്ക്കര്‍ കോളനിയില്‍ തെളിവെടുപ്പ് നടത്തി. ഇവരുടെ ജീവിത സാഹചര്യം് ബോധ്യമായെന്നും അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ഡോ:പി.എന്‍.വിജയകുമാര്‍ കോളനി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ജാതീയ വേര്‍തിരിവുണ്ടെന്നുമുള്ള പരാതിയെ തുടര്‍ന്നായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്. പുതിയ വീടുകള്‍, ശുചിമുറികള്‍, പൊതുശ്മശാനം, ഭക്ഷ്യ പൊതുവിതരണ കേന്ദ്രം എന്നിവ കോളനിയില്‍ അത്യാവശ്യമാണെന്നും ഇതിന്റെ അഭാവത്തിലുളള അവരുടെ ജീവിത സാഹചര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാനത്തെ മാതൃക കോളനിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടും. അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ.മനോജ് എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് തൊഴില്‍, താമസം, വിദ്യാഭ്യാസം, ആരോഗ്യപ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. വിദഗ്ദ്ധചികിത്സക്ക് നിലവില്‍ കോളനി നിവാസികള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പാലക്കാട് നഗരത്തിലുള്ള ഗവ.പട്ടികജാതി മെഡിക്കല്‍ കോളെജിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ഡി.എം.ഒ. സ്വീകരിക്കണം. കുടിവെള്ള വിതരണം ശാസ്ത്രീയമായ രീതിയില്‍ അല്ല. കോളനിയിലെ 200 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നവീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചക്ലിയസമുദായാംഗങ്ങള്‍ കൂടുതലുള്ള കോളനിയില്‍ പട്ടികജാതി വികസനഫണ്ട് ഉപയോഗപ്പെടുത്തി ധനസഹായം നല്‍കണം അദ്ദേഹം പറഞ്ഞു. ജാതീയ വിവേചനമുണ്ടെന്ന പരാതി പരിശോധിച്ച കമ്മീഷന്‍ തെളിവുകള്‍ സ്വീകരിച്ചു. ജാതി വിവേചനത്തിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. വീട് നിര്‍മിച്ച് നല്‍കാമെന്ന പേരില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി പരിശോധിച്ച് പത്ത് ദിവസത്തിനകം നടപടിയെടുക്കും. രണ്ട് മാസത്തിലൊരിക്കല്‍ കമ്മീഷന്‍ കോളനി സന്ദര്‍ശിക്കും. കോളനിയില്‍ റേഷന്‍ കടയോടൊപ്പം കണ്‍സ്യുമര്‍ ഫെഡിന്റെ വിതരണകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷനെ അനുഗമിച്ച ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയും പൊതുശ്മശാനം നിര്‍മിക്കുമെന്ന് മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും ഉറപ്പ് നല്‍കി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ മുരളീധരന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, സബ് കലക്റ്റര്‍ അഫ്സാന പര്‍വീന്‍, എഡിഎം എസ്.വിജയന്‍, ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ കമ്മീഷനെ സന്ദര്‍ശനത്തില്‍ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.