കോട്ടയം മെഡിക്കല്‍ കോളേജ് തകര്‍ന്ന പ്രവേശന കവാടം പുനര്‍നിര്‍മ്മിക്കുന്നു

Friday 23 June 2017 9:35 pm IST

ഗാന്ധിനഗര്‍: പ്രധാന റോഡില്‍നിന്നും മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന തകര്‍ന്നുകിടന്ന കവാടം പുനര്‍നിര്‍മ്മിക്കുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും നേരിട്ട് അത്യാഹിത വിഭാഗത്തിലേക്കും മറ്റും പ്രവേശിക്കുന്ന കവാടമാണിത്. മാസങ്ങള്‍ക്ക് മുന്‍പ് വാഹനം ഇടിച്ച് ഈ കവാടം തകര്‍ന്നു വീണിരുന്നു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്തു വരുന്ന സന്നദ്ധ സംഘടനയുടെ വാഹനം ഇടിച്ചാണ് ഈ കവാടം തകര്‍ന്ന് വീണത്. മാസങ്ങളോളം ഇതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ മാര്‍ഗതടസ്സം സൃഷ്ടിച്ചിരുന്നു. ഇതേക്കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രോഗികളുമായി വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് വരുന്ന ആംബുലന്‍സ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ അത്യാഹിത വിഭാഗം ഏതെന്നറിയാതെ വിഷമിക്കുന്ന അവസ്ഥയായിരുന്നു. ഇവിടെ പുതിയ കവാടം നിര്‍മ്മിക്കുകയും ദിശാഫലകമുള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഇതിന് പരിഹാരമാവുകയാണ്. അത്യാഹിത വിഭാഗത്തിലേക്കുള്ള പാത ഇപ്പോള്‍ രണ്ടായി തിരിച്ചിരിക്കുന്നു. ഒരുഭാഗം വാഹനങ്ങള്‍ക്കും മറ്റൊരുഭാഗം കാല്‍നടയാത്രക്കാര്‍ക്കുമാണ്. എങ്കിലും വാഹനം പോകേണ്ട സ്ഥലത്തുകൂടിയും കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു. കാഷ്വാലിറ്റി ബ്ലോക്ക്, കാര്‍ഡിയോ തൊറാസിക് ബ്ലോക്ക്, ഗൈനക്കോളജി ബ്ലോക്ക്, ഡിസിഎച്ച് സ്‌കാനിംഗ് സെന്റര്‍, സിടി അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റല്‍ എക്‌സറേ, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലേക്കുള്ള ദിശാഫലകവും സ്ഥാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.