വളരുന്ന സംഘബോധംവളരുന്ന സംഘബോധം

Friday 23 June 2017 9:41 pm IST

അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റിലെ കൊളമ്പസ് നഗരത്തിലെ സെൻട്രൽ ജയിലധികൃതർക്ക് അദ്ദേഹം ഈ വിവരം കാണിച്ചെഴുതി. അവർ ചെസ്റ്ററുടെ അഭ്യർത്ഥനയും പരീക്ഷണത്തിന്റെ സ്വഭാവവും  ജയിൽ നോട്ടീസ് ബോർഡിലിട്ടു. വേണ്ടിയിരുന്നത് 25 പേരായിരുന്നു. എന്നാൽ നോട്ടീസിനു പ്രതികരണം ശരിക്കും കോൾമയിർകൊള്ളിക്കുന്നതായിരുന്നു. 25 പേർക്കു പകരം 130 പേർ തയ്യാറായി. എല്ലാവരും ജീവപര്യന്തം തടവുകാർ! ഡോ. ചെസ്റ്റർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം സ്വയം ജയിലിനകത്തുപോയി 130 പേരെയും വിളിച്ചുകൂട്ടി. രോഗത്തിന്റെ   ഭയാനകത അവരുടെ മുമ്പിൽ വർണിച്ചു. ഒന്നും മറച്ചുവയ്ക്കാതെ വിശദീകരിച്ചു. എന്നിട്ടും ഒരാൾപോലും പിന്മാറിയില്ല. 'മൃത്യുവിന്റെ മഹാവക്ത്രത്തിൽ തള്ളിയിടുന്ന ഈ രോഗം ഏറ്റെടുക്കാൻ നിങ്ങൾ എന്തിന് തയ്യാറായി' എന്നദ്ദേഹം ചിലരോടെല്ലാം ചോദിച്ചു. ഒരു തടവുകാരൻ മറുപടി കൊടുത്തു. 'എന്റെ അച്ഛൻ കാൻസർ പിടിപെട്ടാണ് മരിച്ചത്. ഇനിയൊരച്ഛൻ അങ്ങനെ മരിക്കാൻ ഇടവരാതിരിക്കട്ടെ. ഈ മഹാരോഗം കീഴടക്കപ്പെടുകതന്നെവേണം. അതിനുള്ള  ശ്രമത്തിൽ എന്റെ പങ്കു നിർവഹിക്കാൻ ഞാൻ ഒരുക്കമാണ്. മനുഷ്യരാശിക്കുവേണ്ടിയുള്ള സേവനമാണത്. അതിനവസരം കിട്ടിയത് എന്റെ ഭാഗ്യമാണ്. മറ്റൊരു തടവുപുള്ളി പറഞ്ഞു: 'എനിക്ക് ജോലി ജയിലാശുപത്രിയിലാണ്. അവിടെ കാൻസർ മൂലം കിടന്നു പുളയുന്ന രോഗികളെ ഞാൻ കാണാറുണ്ട്. ആ നരകയാതന കുറയ്ക്കാൻ എന്നാലാവും വിധം ഞാൻ എന്തെങ്കിലും ചെയ്യട്ടെ....' പാപപരിഹാരമായി പുണ്യം നേടാനാണ് എന്ന് ഇതിലാരും തന്നെ പറഞ്ഞില്ല എന്ന് പ്രത്യേകം ഓർക്കുക. ഉള്ളിലെ ഹൃദയവേദനയുടെ പുറത്തെ പ്രതികരണം സാമാജികമായിരുന്നു.ഇതിനു നേർവിപരീതമായ മറ്റൊരു സംഭവം പറയട്ടെ. തിരുവനന്തപുരത്തെ സംഘ സ്വയംസേവകർ രോഗികൾക്കു രക്തദാനത്തിന് ഏർപ്പാടു ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കി രണ്ടു യുവാക്കന്മാർ വന്നു. അവരുടെ അച്ഛന് ശസ്ത്രക്രിയ ചെയ്യുന്ന ദിവസം രക്തം വേണമായിരുന്നു. വിവരങ്ങൾ സംസാരിക്കാനും കൂടുതൽ സമ്പർക്കം ചെയ്യാനും പ്രചാരകൻ അവരുടെ ഹോട്ടൽ മുറിയിൽ പോയപ്പോൾ അവിടെ അവരുടെ നാട്ടിൽനിന്നു വന്ന ആറേഴുപേരെ പരിചയപ്പെട്ടു. ഒരൊറ്റയാൾ പോലും രക്തം പരിശോധിച്ച് ഗ്രൂപ്പു മനസ്സിലാക്കിയിട്ടില്ല. നിങ്ങളുടെ രക്തം പരിശോധിച്ചിട്ടു പറ്റുകയില്ലെങ്കിൽ മാത്രംപോരേ സംഘത്തിലുള്ളവരെ വിളിക്കാൻ' എന്നു പ്രചാരകൻ ചോദിച്ചപ്പോൾ ഒരാൾ വളച്ചുകെട്ടില്ലാതെ മറുപടി പറഞ്ഞു. 'എല്ലാവർക്കും പേടിയാണ്. പിന്നെ നിങ്ങളുടെ ആളുകൾ എല്ലായ്‌പ്പോഴും ഒരുങ്ങിനിൽപ്പുണ്ട് എന്നാണ് കേട്ടത്. കൊളമ്പസ്സിലെ തടവുപുള്ളികളുടെയും തിരുവനന്തപുരത്തെ രക്തബന്ധുക്കളുടെയും പെരുമാറ്റം താരതമ്യപ്പെടുത്തുക. ഇവിടെ നമുക്ക് രണ്ടു സമാജങ്ങളുടെ സമാജബോധത്തിന്റെ വിതാനങ്ങൾ തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ കഴിയുന്നു.ഈയൊരു പരമാർത്ഥമാണ് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ മനക്കണ്ണിനു മുമ്പിൽപ്പെട്ടത്.  സംഘം തുടങ്ങുന്ന തിനു  മുമ്പേതന്നെ നിസ്സഹകരണപ്രസ്ഥാനത്തിന്റെ പ്രചാരത്തിനുവേണ്ടി നടത്തിയ സന്ദർശനവേളകളിൽ അദ്ദേഹം സത്യഗ്രഹികളോടു ചോദിച്ച ചോദ്യവും അവരുടെ മുൻപിൽവച്ച ബദൽആശയവും വീണ്ടും ഓർക്കാമെങ്കിൽ നമുക്ക് അദ്ദേഹത്തിന്റെ മനോബുദ്ധികളുടെ ഗതിദിശ മനസ്സിലാക്കാൻ കഴിയും. ഡോക്ടർജി ഏതാനും ചില നേതാക്കന്മാർക്കിടയിൽ മാത്രം സമഷ്ടിബോധം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടില്ല. അദ്ദേഹം അതു സാമാന്യ വ്യക്തിയ്ക്കുള്ളിൽ വളർത്തി വികസിപ്പിക്കാൻ തീരുമാനിച്ചു. മറ്റൊരുതരത്തിൽ പറഞ്ഞാൽ അദ്ദേഹം ഭാരതത്തിലെ സാധാരണ വ്യക്തിയുടെ സമഷ്ടിബോധത്തിന്റെ വിതാനം ഉയർത്താൻ പദ്ധതിയിട്ടു. അതാണ് സംഘശാഖ. ശാഖയിൽക്കൂടി സമഷ്ടിധർമം മനസ്സിലാവുകയും സംഘബോധം വളരുകയും ചെയ്യുന്നു. ആ തരത്തിലാണ് അവിടത്തെ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് സംഘശാഖയിൽ കൂടി വളർന്നുവലുതാകുന്ന ഒരു കിശോരന്, സാമാജികമായ  കാഴ്ചപ്പാടോടുകൂടി കാര്യങ്ങൾ നോക്കിക്കാണാൻ കഴിയുന്നതുകൊണ്ട് അവനേക്കാൾ ഇരട്ടി പ്രായമുള്ള യുവാവിനുപോലും കാണാൻ കഴിയാത്ത സാമാജിക പ്രതിസന്ധികളും വിപത്തുകളും കാണാൻ കഴിയുന്നു. അതനുസരിച്ച് യഥാവസരം പ്രതികരിക്കാനും അവന് കഴിയുന്നു. (ആർഎസ്എസ് അഖിലേന്ത്യാ മുൻ ബൗദ്ധിക് പ്രമുഖ് ആർ. ഹരിയുടെ 'ഇനി ഞാൻ ഉണരട്ടെ' എന്ന പുസ്തകത്തിൽ നിന്ന് (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.