പ്രതികളെ പിടികൂടുന്നില്ല; ഭക്തരുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് 26ന്

Friday 23 June 2017 11:04 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ തിങ്കളാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. തിരുവാഭരണം നഷ്ടപ്പെട്ട് രണ്ട് മാസങ്ങള്‍ക്കു ശേഷം ഇവ കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുകയാണെന്നാണ് പരാതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിലമതിക്കാനാവാത്ത ഒരു മാലയും പതക്കവുമാണ് ആറാട്ടിനു ശേഷം ക്ഷേത്രത്തില്‍ നിന്ന് നഷ്ടമായത്. അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് രൂപഭാവം വരുത്തിയ നിലയില്‍ ഇവ കാണിക്കവഞ്ചിയില്‍ നിന്ന് കണ്ടെടുത്തത്. ഇതിനു ശേഷം ഐജി അടക്കമുള്ളവര്‍ ക്ഷേത്രത്തില്‍ എത്തുകയും പ്രതികള്‍ ഉടന്‍ പിടിക്കപ്പെടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാന്‍ തയ്യാറായിട്ടില്ല. ക്ഷേത്രഭരണാധികാരികളും മേല്‍ശാന്തിമാര്‍ അടക്കമുള്ള ക്ഷേത്ര ജീവനക്കാരും മാത്രം കൈകാര്യം ചെയ്യുന്ന തിരുവാഭരണം എപ്പോള്‍ നഷ്ടപ്പെട്ടു എന്നു പോലും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചിട്ടില്ല. ആദ്യം മേല്‍ശാന്തി അടക്കമുള്ള അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു എങ്കിലും പിന്നീട് അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭഗവാന്റെ തിരുവാഭരണം തൊണ്ടിമുതലായി കോടതിയില്‍ വരെ എത്തിക്കാന്‍ സാഹചര്യമൊരുക്കിയ സംഘത്തെ അറസ്റ്റു ചെയ്യും വരെ പ്രക്ഷോഭം എന്നു പ്രഖ്യാപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ കര്‍മ്മസമിതി തീരുമാനമെടുത്തത്. തിങ്കളാഴ്ച നടക്കുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനു ശേഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗത്തിലേയ്ക്ക് പോകുമെന്ന് സംഘാടകരായ ആര്‍. ശങ്കരന്‍ നായര്‍, അനില്‍ പാഞ്ചജന്യം, ഡി. സുബാഷ്, മനോജ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.