ഉപാധികള്‍ ഖത്തര്‍ തള്ളി

Saturday 24 June 2017 7:23 pm IST

റിയാദ്: പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളി. യാഥാര്‍ത്ഥ്യബോധമില്ലാത്തതും പരമാധികാരത്തിനും സ്വതന്ത്ര വിദേശനയത്തിനും എതിരാണ് ഇവയെന്നും ഖത്തര്‍ സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഷെയ്ഖ് സെയ്ഫ് അല്‍ താനി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയും യുഎഇയും ബഹറൈനും അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പിന്‍വലിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ഉപാധികളുമായി രംഗത്തെത്തിയത്. ഭീകര സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തുക, അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക, തുര്‍ക്കിയുടെ സൈനിക താവളം അടച്ചുപൂട്ടുക തുടങ്ങിയവ ഇവര്‍ മുന്നോട്ടുവച്ചു. ഈ ഉപാധികളും ഏകപക്ഷീയ ഉപരോധവും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ തുണയ്ക്കില്ലെന്ന് അല്‍ താനി പറഞ്ഞു. കുവൈറ്റിലെ സഹോദരങ്ങളുടെ ഇടപെടല്‍ മുഖവിലയ്‌ക്കെടുക്കുന്നെങ്കിലും നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ല. യുഎസും യുകെയും മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ ഇതില്‍ പാലിക്കുന്നില്ല. നിര്‍ദേശങ്ങള്‍ വിശദമായി പഠിക്കുന്നുവെന്നും അതിനു ശേഷം ഉചിതമായ മറുപടി നല്‍കുമെന്നും അല്‍ താനി വ്യക്തമാക്കി. അവര്‍ പറയുന്നത് അനുസരിച്ചാല്‍ അന്തര്‍ദേശീയ രംഗത്ത് രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ഖത്തറിന്റെ ഉത്തരവാദിത്വത്തിനേല്‍ക്കുന്ന തിരിച്ചടിയാകുമെന്നും വാര്‍ത്താക്കുറിപ്പ് തുടരുന്നു. ചാനല്‍ അടച്ചുപൂട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെയും മേഖലയിലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ഇല്ലാതാക്കുമെന്ന് അല്‍ ജസീറയും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.