പനിക്കിടക്കയില്‍ ആലപ്പുഴ ജില്ല

Saturday 24 June 2017 9:07 pm IST

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പനി വാര്‍ഡ്

ആലപ്പുഴ: ജില്ലയില്‍ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ കിടത്താന്‍പോലും സ്ഥലമില്ല. സ്വകാര്യ ആശുപത്രികള്‍ പനിബാധിതരെ മരുന്നുനല്‍കി മടക്കി അയക്കുകയാണ്. ജില്ലയില്‍ ഇന്നലെ മാത്രം 1,251 പേര്‍ പനിക്കു ചികിത്സ തേടിയതായാണ് ഔദ്യോഗിക കണക്ക്.

68 പേരെ കിടത്തി ചികിത്സയ്ക്കു വിധേയമാക്കി. ഡെങ്കിപ്പനിക്ക് 17 പേര്‍ ചികിത്സതേടി. ഇതില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നുപേര്‍ക്കാണ് എച്ച് വണ്‍എന്‍1 ബാധിച്ചത്. എന്നാല്‍ യഥാര്‍ത്ഥ പനിബാധിതരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണ്. സ്വകാര്യ ആശുപത്രികളിലും സമീപ ജില്ലകളിലും ചികിത്സ തേടുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടാറില്ല.
ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ച് പതിനഞ്ചുപേരാണ് ജില്ലയില്‍ മരിച്ചത്. മുന്‍ പോലീസ് ഉദ്യോഗസ്ഥനും യുവാക്കളും വരെ പനിബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ജില്ലയില്‍ സാംക്രമിക രോഗ ബാധിതരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

മുന്‍ കാലങ്ങളില്‍ തീരപ്രദേശങ്ങള്‍, കുട്ടനാട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി, എലിപ്പനി എന്നിവ കണ്ടുതുടങ്ങുന്നത്. എന്നാല്‍ ഇത്തവണ ചെങ്ങന്നൂര്‍, മാവേലിക്കര പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പകര്‍ച്ചപ്പനി കൂടുതലുള്ളത് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളായ ചേര്‍ത്തല, അരൂര്‍, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്.

ഔദ്യോഗിക കണക്കുപ്രകാരം 250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. 160 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 75 പേരാണ് എച്ച്‌വണ്‍ എന്‍1 ബാധിതര്‍. 75,000 പേര്‍ക്കാണ് വൈറല്‍ പനി ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ രണ്ടുലക്ഷത്തോളം പേര്‍ പനിക്കിടക്കയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
ജില്ലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലപ്പുഴ നഗരത്തിലാണ്. കഞ്ഞിക്കുഴി, ആര്യാട്, ചെട്ടികാട്, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല, വള്ളികുന്നം പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ളതെന്ന് കണ്ടെത്തി.

അതിനിടെ ആശാ പ്രവര്‍ത്തകര്‍ ജോലി ഉപേക്ഷിക്കുന്നത് പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ഇതിനകം മൂന്നൂറോളം ആശമാര്‍ ജോലി ഉപേക്ഷിച്ചതായാണ് കണക്ക്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 20 ഒഴിവുകളും നിലവിലുണ്ട്. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലും മെഡിക്കല്‍ കോളേജിലും ഡോക്ടര്‍മാരുടെ ഒഴിവ് താത്കാലികമായി നികത്താന്‍ നടപടിയായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക പനി വാര്‍ഡും തുറന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.