കാന്തല്ലൂരില്‍ 82 കിലോ ചന്ദനം പിടികൂടി; ഒരാള്‍ അറസ്റ്റില്‍, രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

Saturday 24 June 2017 9:20 pm IST

ചന്ദനം കടത്തുന്നതിനിടെ പിടിയിലായ മുനിയസ്വാമി മൂന്നാര്‍ ഫ്‌ളൈയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം

മറയൂര്‍: കാന്തല്ലൂരില്‍ ജീപ്പില്‍ കടത്തുന്നതിനിടെ 82.300 കിലോഗ്രാം ചന്ദനം പിടികൂടി. ഒരാള്‍ അറസ്റ്റില്‍, ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. പഴയ മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ അഞ്ച് മുറിലയത്തിലെ മുനിയസ്വാമി(25) യെ ആണ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് കല്ലാര്‍ ഡിവിഷനിലെ അരുണ്‍, കാന്തല്ലൂര്‍ പെരടിപ്പള്ളം സ്വദേശി ശേഖരന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.

17 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമാണ് കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ഉള്ള മഹീന്ദ്ര ജീപ്പില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മൂന്നാര്‍ ഫ്‌ളൈയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാന്തല്ലൂര്‍ പെരടിപ്പള്ളം ഒന്നാംപാലം ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസംരാത്രി ജീപ്പ് പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ തന്നെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സീറ്റിന്റെ നടുഭാഗത്ത് ഇരുന്നതിനാല്‍ മുനിയസ്വാമി പിടിയിലായി.
ജീപ്പിന്റെ മുകള്‍ വശത്തും പ്ലാറ്റ് ഫോമിലുമായി പ്രത്യേകം തയ്യാറാക്കിയ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം. മറയൂര്‍ മേഖലയില്‍ അടുത്തിടെ പിടികൂടിയ ഏറ്റവും വലിയ ചന്ദനക്കടത്ത് കേസാണിത്.

മൂന്നാര്‍ ഫ്‌ളൈയിങ് സ്‌ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജീന്‍സ് എം ജോണ്‍, കെ ആര്‍ മണിക്കുട്ടന്‍, എം എം ഷൈരാജ്, ജി. ശശികുമാര്‍, നോബിള്‍ വര്‍ഗീസ് എന്നിവരാണ് കേസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കാന്തല്ലൂര്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ക്ക് കേസ് ഉടന്‍ കൈമാറും. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം നടന്ന് വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.