കോട്ടയത്ത് കവര്‍ച്ചക്കാര്‍ വിലസുന്നു

Saturday 24 June 2017 9:37 pm IST

കോട്ടയം : നഗരവാസികളുടെ ഉറക്കം കെടുത്തി കവര്‍്ച്ചക്കാര്‍ വിലസുന്നു.കഴിഞ്ഞ ദിവസം രാത്രിയില്‍ കോടിമതയില്‍ രണ്ട് വീടുകളിലാണ് മോഷണം നടന്നത്. വീടിന്റെ കതക് ചവിട്ടിതുറന്നാണ് മോഷണം നടത്തിയത്. ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റൊരു വീട്ടില്‍ നിന്ന് പഴ്‌സും നഷ്ടമായി. കോടിമത മഠത്തില്‍പറമ്പില്‍ ഗോപിനിവാസില്‍ നിന്നാണ് കതക് ചവിട്ടിതുറന്ന് അകത്ത് കയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വച്ചിട്ടും മോഷ്ടാക്കള്‍ അകത്ത് കയറി കവര്‍ച്ച നടത്തി. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മോഷ്ടാക്കള്‍ വീടിനുള്ളില്‍ കൂടി വരുന്നത് ഉണ്ടെന്ന് മനസ്സിലാക്കി ഇവര്‍ തൊട്ടടുത്ത് റൂമില്‍ കയറി വാതില്‍ അടച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് എത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഈ വീടിന് തൊട്ടടുത്തുള്ള റോസ് വില്ലയില്‍ മുരുകന്റെ വീട്ടിലും മോഷണം നടന്നു. തുറന്ന് കിടന്ന ജനല്‍ പാളിയില്‍ കൂടി മേശപ്പുറത്തുണ്ടായിരുന്ന പേഴ്‌സ് കമ്പ് ഉപയോഗിച്ച് തോണ്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചന്തയ്ക്കുള്ളില്‍ പട്ടാപകല്‍ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് ഫോണുകള്‍ മോഷണം പോയിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് യുവാവ് കടയിലെത്തിയത്. വീടുകളിലും മൊബൈല്‍ ഫോണ്‍ കടയിലും മോഷണം നടത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. നീറികാട് വീടുകളില്‍ വന്‍കവര്‍ച്ച നടത്തിയ തമിഴ് സംഘത്തെ പിടികൂടി ദിവസങ്ങള്‍ക്കുള്ളിലാണ് നഗരത്തില്‍ വീണ്ടും മോഷണ പരമ്പര തുടങ്ങിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.