അടച്ചിട്ടിരുന്ന വീട് കത്തി നശിച്ചു

Saturday 24 June 2017 9:44 pm IST

  തൊടുപുഴ: പുറപ്പുഴയില്‍ അടച്ചിട്ടിരുന്ന വീട് ഭാഗീകമായി കത്തി നശിച്ചു. പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍പ്പെട്ട വെള്ളിരിമറ്റത്തില്‍ സ്റ്റീഫന്‍ വി യുവിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് വീട്ടില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികള്‍ കാണുന്നത്. തീപിടിത്തത്തില്‍ കുട്ടികളുടെ പുസ്തകമടക്കം നിരവധി ഇലക്ടോണിക് ഉപകരണങ്ങളും കത്തി നശിച്ചു. ഓട് മേഞ്ഞ വീടിന്റെ നടുവിലെ മുറിയില്‍ നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. സമീപവാസിയായ മഹേഷാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഇവര്‍ എത്തിയെങ്കിലും വാഹനം വീടിനടുത്ത് എത്താത്തത് തടസമായി. തുടര്‍ന്ന് സമീപത്തെ കൈത്തോട്ടില്‍ പമ്പ് സെറ്റ് സ്ഥാപിച്ച് ഇവിടെ നിന്നും വെള്ളം എടുത്ത് ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ അണച്ചത്. വീടിന്റെ ഫ്രിഡ്ജ് ഇരുന്ന ഭാഗത്ത് നിന്നാണ് തീ പടര്‍ന്ന് പിടിക്കുന്നത്. ഇവിടെ അടുക്കി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ് കത്തി നശിച്ചത്. സമീപത്തെ മുറിയിലേക്കും മുന്‍വശത്തേക്കും തീ പടര്‍ന്നിട്ടുണ്ട്. ശക്തമായ ചൂടില്‍ വീടിന്റെ ഓട് പൊട്ടിത്തെറിച്ചു. മുന്‍വശത്ത് ഇട്ടിരുന്ന അലുമിനിയം ഷീറ്റുകളും ചൂടില്‍ ഉരുകി നശിച്ചു. പട്ടികയും കഴുക്കോലും അടക്കമുള്ളവയും കത്തി നശിച്ചിട്ടുണ്ട്. മുറിയിലെ കട്ടില്‍, ബെഡ്, ടെലിവിഷന്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചവയില്‍പ്പെടും. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൊടുപുഴയില്‍ ബേക്കറി സ്ഥാപനം നടത്തി വരികയാണ് സ്റ്റീഫന്‍. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കരുണാകരപിള്ളയുടെ നേതൃത്വത്തില്‍ 2 യൂണിറ്റ് അഗ്നിശമനസേന അംഗങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മേഖലയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ നാശനഷ്ടത്തിന്റെ തോത് ഇനിയും ഉയരുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. കരിങ്കുന്നം പോലീസും സ്ഥലത്തെത്തിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.