മരണം വിതച്ച് ന്യുമോണിയയും മലമ്പനിയും

Saturday 24 June 2017 11:15 pm IST

തറയിലായ ജീവിതങ്ങള്‍… കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ബാധിതരെ തറയില്‍ കിടത്തിയിരിക്കുന്നു

തിരുവനന്തപുരം: വൈറല്‍, ഡെങ്കിപ്പനികള്‍ക്കു പുറമേ എച്ച്1 എന്‍1, ന്യൂമോണിയ, മലമ്പനി, എലിപ്പനി എന്നിവയും മരണം വിതച്ചു തുടങ്ങി. ഇവയും സംസ്ഥാനത്ത് പലയിടത്തും പടര്‍ന്നു പിടിച്ചു കഴിഞ്ഞു. ഇന്നലെ പനി ബാധിച്ച് എട്ടു പേരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഡെങ്കി. മൂന്നു പേര്‍ മരിച്ചത് എച്ച്1 എന്‍1, വൈറല്‍ പനി, ന്യുമോണിയ എന്നിവ ബാധിച്ച്. കഴിഞ്ഞ ദിവസം മരിച്ചവരില്‍ ഒരാള്‍ക്ക് മലമ്പനിയാണെന്നു സൂചന. രണ്ടു പേര്‍ക്ക് മലമ്പനി ബാധിച്ചതായി സ്ഥിരീകരണം.

പത്തനംതിട്ട സ്വദേശി വിജയകുമാര്‍ എച്ച്1 എന്‍1 ബാധിച്ചും മലപ്പുറത്ത് പതിനെട്ട് വയസുകാരി ന്യുമോണിയ ബാധിച്ചും മരിച്ചു. തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഓരോരുത്തരും കോഴിക്കോട് രണ്ടു പേരുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തൃശൂരില്‍ വൈറല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു.

ആശുപത്രികളും ക്ലിനിക്കുകളും പനിബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ വരാന്തയില്‍ വരെ പനിക്കാരെ കിടത്തിയിട്ടുണ്ട്. പകര്‍ച്ചപ്പനിക്കെതിരെ സര്‍ക്കാര്‍ കാര്യക്ഷമമായ ഒരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല. ശമനമില്ലാതെ പടരുന്ന ഡെങ്കിപ്പനി കൂടുതല്‍ പിടിമുറുക്കുന്നു. ഇതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ തേടി മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയ മേധാവികള്‍ക്കും കത്തയച്ചു.
ഇന്നലെ മാത്രം 24,188 പേര്‍ പനി ബാധിച്ച് ചികിത്സ തേടി.

ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ തിരുവനന്തപുരത്ത്. ഡെങ്കിപ്പനി 157 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 70 പേര്‍ തലസ്ഥാനത്ത്. 19 പേര്‍ക്ക് എച്ച്1എന്‍1, അഞ്ചു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 2,282 പേരാണ് വയറിളക്ക രോഗങ്ങള്‍ പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായുള്ളത്. ആറുപേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരത്തിനും അപ്പുറമാണ് യഥാര്‍ത്ഥ കണക്കുകള്‍. സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി എത്തുന്നവരെ സ്ഥലമില്ലാത്തതിനാല്‍ മടക്കി അയക്കുന്ന സ്ഥിതിയാണുള്ളത്.

അതിനിടെ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിതയ്ക്കും തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡിക്രൂസിനുമെതിരെ ഉപലോകായുക്ത കേസെടുത്തു. തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേസ്. ജസ്റ്റിസ് കെ.പി. ബാലചന്ദ്രനാണ് കേസെടുത്തത്ത്. ഇരുവരും ജൂലൈ മൂന്നിന് നേരിട്ട് ഹാജരാകണം. ഇതുവരെ സ്വീകരിച്ച നടപടികള്‍ അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉപലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.

പനിബാധിതര്‍ക്ക് തറ ശരണം

കോട്ടയം: പനി ബാധിതരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്കാന്‍ കട്ടിലുകള്‍ പോലും ലഭിക്കാത്ത അവസ്ഥ. കോട്ടയം മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡില്‍ പലരും തറയിലാണ് കഴിച്ചുകൂട്ടുന്നത്. ഇന്നലെ മാത്രം 18 പേര്‍ ഡെങ്കിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി, എച്ച് വണ്‍, എന്‍ വണ്‍ എന്നിവ ഓരോരുത്തര്‍ക്കും സ്ഥിരീകരിച്ചു.

ജീവനക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന രോഗികളെക്കാളും കൂടുതല്‍ പേരാണ് എത്തുന്നത്. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ കഴിയാത്തത് ആരോഗ്യ വകുപ്പ് അധികൃതരില്‍ ആശങ്കയുയര്‍ത്തുന്നു. ഡെങ്കി വൈറസില്‍ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനോടകം നാല് തരത്തിലുള്ള ഡെങ്കിപ്പനി തിരിച്ചറിഞ്ഞു. ഹോമിയോ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയും ചികിത്സയും മരുന്ന് വിതരണവുമായി എത്തിയിട്ടുണ്ട്. കൊതുക് നിയന്ത്രണം ഫലപ്രദമാകാത്തതാണ് രോഗ വ്യാപനത്തിന് കാരണം. മഴ പെയ്ത് തുടങ്ങിയതോടെ മാലിന്യം ചീഞ്ഞ് നാറാന്‍ തുടങ്ങിയത് സ്ഥിതി ഗുരുതരമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക പനിവാര്‍ഡില്‍ അറുപതോളം പേര്‍ ഡെങ്കി, വൈറല്‍ പനിയുമായി ചികിത്സയിലുണ്ട്.

ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനി ക്ലിനിക്ക് തുറന്നില്ല. ആശുപത്രിയില്‍ പനി ബാധിച്ച് പ്രവേശിപ്പിക്കുന്ന രോഗികളെ മറ്റു രോഗികള്‍ക്കൊപ്പമാണ് കിടത്തുന്നത്. കൊതുകുകളുടെ ശല്യത്തില്‍ നിന്നു രക്ഷനേടാന്‍ രോഗികള്‍ക്ക് മതിയായ നെറ്റില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.