അടിസ്ഥാന സൗകര്യമില്ലാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി

Monday 26 June 2017 11:23 am IST

പെരിന്തല്‍മണ്ണ: ഒപികള്‍ക്ക് മുന്നില്‍ രോഗികളുടെ നീണ്ടനിര, വാര്‍ഡുകള്‍ പനി ബാധിതരകൊണ്ട് നിറഞ്ഞു കവിഞ്ഞു. ഒരു കട്ടിലില്‍ രണ്ടിലേറെ പേരാണ് കിടക്കുന്നത്. വാര്‍ഡില്‍ സ്ഥലം കിട്ടാത്തവരാകട്ടെ വരാന്തകളും ഇടനാഴികളും കയ്യടക്കി കഴിഞ്ഞു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള കാഴ്ചയാണിത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് ജില്ലാ ആശുപത്രി. രോഗികളെ വേണ്ടരീതിയില്‍ പരിചരിക്കാനാവാതെ അധികൃതരും ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ ചികിത്സ തേടിയെത്തുവരെ പലരെയും സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കേണ്ട അവസ്ഥയിലാണ്. ആളുകള്‍ തിങ്ങി കിടക്കുന്നത് കാരണം കൂട്ടിരിപ്പുകാര്‍ക്കും രോഗം പടരാന്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനായി കെട്ടിടം നിര്‍മ്മിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മൗനം തുടരുകയാണ്. പകര്‍ച്ച പനി പ്രതിരോധത്തിനായി ആശുപത്രിയില്‍ പുതുതായി തുടങ്ങിയ പനി ക്ലിനിക്കില്‍ നൂറുകണക്കിന് രോഗികളെത്തുന്നതും ആശുപത്രിയിലെ തിരക്ക് വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കായകല്‍പ് അവാര്‍ഡ് വരെ നേടിയ ഈ ആതുരാലയത്തെ വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.