കോണ്‍ഗ്രസിനെതിരെ നിയമ നടപടിയുമായി കൊച്ചി മെട്രോ

Monday 26 June 2017 4:27 pm IST

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു കെഎംആര്‍എല്‍. ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ കെഎംആര്‍എലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെഎംആര്‍എല്‍ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവര്‍ത്തകര്‍ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയില്‍ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവര്‍ത്തകര്‍ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാല്‍ ഉമ്മന്‍ ചാണ്ടി തങ്ങള്‍ കയറിയ ട്രെയിനില്‍ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവര്‍ത്തകര്‍ പാലാരിവട്ടത്തിന് മുന്‍പായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങള്‍ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്. അതേസമയം, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആര്‍എല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയില്‍ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.