ലണ്ടന്‍: ലോക ഹോക്കി ലീഗ് സെമിഫൈനല്സിന്റെ സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ ആറാമത്. ഞായറാഴ്ച നടന്ന സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ കാനഡയോട് കീഴടങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച കാനഡ അഞ്ചാം സ്ഥാനത്ത്. ഈ വിജയത്തോടെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഹോക്കി ലോകകപ്പിനും കാനഡ യോഗ്യതനേടി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ 3-0ന്റെ തോല്‍വിക്ക് പകരം വീട്ടാനും ഇതോടെ കാനഡയ്ക്കായി. ഗോര്‍ഡന്‍ ജോണ്സന് (3, 44), കീഗന്‍ പെരേരിയ (40) എന്നിവരാണ് കാനഡയ്ക്കായി ഗോള്‍ നേടിയത്. ഹര്‍മന്‍പ്രീത് സിങ്ങിന്റെ (7, 22) വകയാണ് ഇന്ത്യയുടെ ഗോളുകള്‍.
മറ്റൊരു മത്സരത്തില്‍ ചൈനയെ 3-1ന് പരാജയപ്പെടുത്തി പാക്കിസ്ഥാന് ഏഴാമതെത്തി.
അതേസമയം അര്‍ജന്റീനയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് ജേതാക്കളായി. മലേഷ്യയെ 4-1ന് പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനാണ് മൂന്നാം സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: