ജര്‍മ്മനി-മെക്‌സിക്കോ, ചിലി-പോര്‍ച്ചുഗല്‍

Monday 26 June 2017 9:13 pm IST

മോസ്‌കോ: വന്‍കരകളുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള കാല്‍പ്പന്തുകളിയുടെ സെമിഫൈനല്‍ ലൈനപ്പായി. നാളെ നടക്കുന്ന ആദ്യ സെമിയില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ കോപ്പ അമേരിക്ക ജേതാക്കളായ ചിലിയെ നേരിടും. 29ന് നടക്കുന്ന രണ്ടാം സെമിയില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് എതിരാളികള്‍ കോണ്‍കാകാഫ് ജേതാക്കളായ മെക്‌സിക്കോയും. ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായാണ് പോര്‍ച്ചുഗലും മെക്‌സിക്കോയും അവസാന നാലില്‍ എത്തിയത്. ഗ്രൂപ്പ് ബിയില്‍ നിന്നാണ് ജര്‍മ്മനിയും ചിലിയും സെമിയിലേക്കെത്തിയത്. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ തകര്‍ത്തപ്പോള്‍ ചിലി 1-1ന് ഓസ്‌ട്രേലിയയുമായി സമനിലയില്‍ പിരിഞ്ഞു. കാമറൂണിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. കളിയുടെ 48-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍. ഡെമിര്‍ബേയിലൂടെ ജര്‍മനിയാണ് ആദ്യം ലീഡ് നേടിയത്. 66-ാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ 78-ാം മിനിറ്റില്‍ വിന്‍സന്റ് അബൗബക്കറിലൂടെ കാമറൂണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 81-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് വെര്‍ണര്‍ ജര്‍മനിയുടെ ജയം ഉറപ്പിച്ചു. ഇതോടെ ഇതോടെ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യ ജര്‍മ്മന്‍ താരമായിരിക്കുകയാണ് വെര്‍ണര്‍. 64-ാം മിനിറ്റില്‍ ഏണസ്റ്റ് ബമൗക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും കാമറൂണിന് കനത്ത തിരിച്ചടിയായി. ചിലിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ഓസ്‌ട്രേലിയ സമനില വഴങ്ങിയത്. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് 42-ാം മിനിറ്റില്‍ ജെയിംസ് ട്രോയിസിയിലൂടെയാണ് ഓസ്‌ട്രേലിയ ലീഡ് നേടിയത്. എന്നാല്‍ 67-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ റോഡ്രിഗസിലൂടെ ചിലി സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്താതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.