ശബരിമല കൊടിമരം കേടുവരുത്തിയ സംഭവം; പോലീസ് വാദം തെറ്റ്: കുമ്മനം

Monday 26 June 2017 5:48 pm IST

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമായാണെന്ന പോലീസ് വാദം തെറ്റാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ല. ഇക്കാര്യത്തെപ്പറ്റി തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാര്‍ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതന്മാരോട് താന്‍ ചര്‍ച്ച നടത്തി. എന്നാല്‍ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവര്‍ക്കാര്‍ക്കും അറിവില്ല. ഈ വിവരം പിന്നെ എവിടെ നിന്ന് കിട്ടിയതാണെന്ന് ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കണം. സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ തുടക്കം മുതലേ ശ്രമിച്ചത്. അതിന്റെ ചുവടു പിടിച്ചാണ് ഐജിയും ഇപ്പോള്‍ ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിന് ഭീകരവാദ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞവര്‍ഷവും കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. കോടിക്കണക്കിന് ഭക്തജനങ്ങള്‍ ആശ്രയ കേന്ദ്രമായി കരുതുന്ന ശബരിമലയ്ക്ക് നേരെ ഉണ്ടാകുന്ന ~ഒരു ചെറിയ നീക്കം പോലും അതീവ ഗൗരവമായി അന്വേഷിക്കേണ്ടതാണ്. സ്വര്‍ണ്ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ - പോലീസ് നിലപാട് അപകടകരമാണ്. ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.