ശമിക്കാതെ പനി; ആറു മാസം മരണം 280 

Tuesday 27 June 2017 12:55 am IST

തിരുവനന്തപുരം: നടപടികള്‍ ശക്തമാക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പനിക്ക് ശമനമില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 280 പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ ഇത് 241 പേര്‍ മാത്രം. സ്വകാര്യ ആശുപത്രികളില്‍ മരിച്ചവരുടെ കണക്കില്ലാതെയാണിത്.

കഴിഞ്ഞ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരെക്കാള്‍ ഇരട്ടിയാണ് ഈ ആറു മാസം കൊണ്ടുണ്ടായത്.അതിനിടെ, ഇന്നലെ മാത്രം പിഞ്ചുകുഞ്ഞടക്കം ആറു പേര്‍ മരിച്ചു. മലപ്പുറം കവനൂരില്‍ എച്ച്1എന്‍1 ബാധിച്ച് ഒന്നരമാസം പ്രായമുള്ള അലി ഹര്‍ഷാദ്, ഡെങ്കിപ്പനി ബാധിച്ച് മലപ്പുറം വഴിക്കടവ് വള്ളിക്കാട് എസ്എന്‍ഡിക്ക് സമീപം എടത്തൊടി വിനോദിന്റെ മകള്‍ അപൂര്‍വ(3) തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ചിത്രഗുപ്തന്‍ (11), ബാലരാമപുരം സ്വദേശി വിജയകുമാരി (45), എലിപ്പനി ബാധിച്ച് കോഴിക്കോട് സ്വദേശി രമേശന്‍ (52), പകര്‍ച്ചപ്പനി പിടിപെട്ട് ചികിത്സയിലായിരുന്ന കോഴിക്കോട്   സ്വദേശി നെയജുമനുനിസ (23) എന്നിവര്‍ ഇന്നലെ മരിച്ചു. ഇന്നലെ 118 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.  663 പേരാണ് ഡെങ്കിപ്പനിക്ക് നിരീക്ഷണത്തിലുള്ളത്. എലിപ്പനി അഞ്ച് പേര്‍ക്ക് സ്ഥിരീകിരച്ചപ്പോള്‍ 14 പേര്‍ നിരീക്ഷണത്തില്‍. മൂന്ന് പേര്‍ക്ക് കൂടി ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചു. കൂടാതെ നാല് പേര്‍ക്ക് ചിക്കുന്‍ഗുനിയയാണോ എന്ന് സംശയവുമുണ്ട്. 17 പേര്‍ക്കാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം വിവിധ ആശുപത്രികളില്‍ 14,085 പേര്‍ ചികിത്സ തേടി.കഴിഞ്ഞ ആറു മാസത്തിനിടെ, ഡെങ്കിപ്പനി ബാധിച്ച് 83 പേര്‍ മരിച്ചപ്പോള്‍, എച്ച്1എന്‍1 ബാധിച്ച് 64 പേരും എലിപ്പനി ബാധിച്ച് 44 പേരും മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചതാകട്ടെ 50 പേര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. അതിനിടെ, മലേറിയ, മഞ്ഞപ്പിത്തം, ചിക്കന്‍പോകസ്, വയറിളക്കം എന്നിവയും പടരുന്നു. ആറ് മാസത്തിനുള്ളില്‍ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13.5 ലക്ഷം കവിഞ്ഞു.

ഈമാസം മാത്രം 3.99ലക്ഷം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. അതിനിടെ, പഞ്ചായത്തുകളില്‍ സര്‍വ്വകക്ഷി യോഗം കൂടി പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഡെങ്കിപ്പനി ബാധിച്ച് ബാലിക മരിച്ചു

അപൂര്‍വ

മലപ്പുറം: ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു. വഴിക്കടവ് വള്ളിക്കാട് എസ്എന്‍ഡിക്ക് സമീപം എടത്തൊടി വിനോദിന്റെ മകള്‍ അപൂര്‍വ ആണ് മരിച്ചത്.

ഓരാഴ്ച മുന്‍പ് പനി ബാധിച്ച കുട്ടിയെ പാലാട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്മ: മോഹനകല. സഹോദരങ്ങള്‍: അനശ്വര, ആവണി. ഇവരുടെ ബന്ധുവും അയല്‍വാസിയുമായ കുണ്ടില്‍ വീട്ടില്‍ തങ്കം കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.